Your Image Description Your Image Description

ചെന്നൈ: ഡിഎംകെ തമിഴ്‌നാട്ടിലെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. വേദിയില്‍വെച്ച് ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വൃതമെടുക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.

അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

‘എഫ്‌ഐആര്‍ എങ്ങനെയാണ് ചോര്‍ന്നത്? എഫ്‌ഐആര്‍ ചോര്‍ത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. ഇത്തരമൊരു എഫ്‌ഐആര്‍ എഴുതി ചോര്‍ത്തിയതിന് പൊലീസും ഡിഎംകെയും ലജ്ജിക്കണം,” ”നിര്‍ഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സിസിടിവി ക്യാമറ ഇല്ലാത്തത്? അണ്ണാമലൈ ചോദിച്ചു. മൂന്ന് മാസമായി സംസ്ഥാനം സമാധാനപരമായിരുന്നുവെന്നും എന്നാല്‍ ലണ്ടനില്‍ നിന്ന് അണ്ണാമലൈ തിരിച്ചെത്തിയതിന് ശേഷം അസ്വസ്ഥമായെന്നും പറഞ്ഞ നിയമമന്ത്രി റെഗുപതിയെയും അണ്ണാമലൈ വിമര്‍ശിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയം തനിക്ക് മടുത്തുവെന്നും തമിഴ്‌നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

ദുഷ്ടശക്തിയെ (ഡിഎംകെ) നീക്കം ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇതിനായി മധ്യവര്‍ഗം പുറത്തു വന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യണം. അണ്ണാ യൂണിവേഴ്സിറ്റി വിഷയത്തില്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെ പിരിച്ചുവിടണമെന്നും അണ്ണാമലൈ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *