Your Image Description Your Image Description
Your Image Alt Text

തൃശൂർ: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 20ന് മേലൂര്‍ കാലടി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു സംഭവം. രണ്ടര പവനോളം തൂക്കംവരുന്ന മാലയാണ് മോഷ്ട്ടിച്ചത്. മേലൂര്‍ കൂവ്വക്കാട്ടുകുന്ന് സ്വദേശി കൈതാരന്‍ വീട്ടില്‍ ജോഷി(41)യെ ആണ് കൊരട്ടി പൊലീസ് അറസ്റ്റുചെയ്തത്. പുലര്‍ച്ചെ ബൈക്കില്‍ വേഷം മാറി വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് പോകുന്ന വയോധികരെ കണ്ടെത്തി മാല കവരുന്നതാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.

സംഭവ ദിവസം കാലടി ശിവക്ഷേത്രത്തിനടുത്ത് ഒറ്റയ്ക്ക് പോവുകയായിരുന്ന വയോധികയെ കണ്ടതോടെ ബൈക്ക് കുറച്ചകലെ മാറ്റി നിര്‍ത്തി ഓടിച്ചെന്ന് മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ചാലക്കുടി ഡിവൈഎസ്പി ആര്‍ അശോകന്‍, കൊരട്ടി എസ്എച്ച്ഒ എന്‍ എ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മുന്‍കാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പ്രദേശവാസിയാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. രാത്രികാലങ്ങളില്‍ ജോലി ചെയ്ത് ജോലി സ്ഥലത്ത് തന്നെ വിശ്രമിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുരിങ്ങൂരില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളിയും രാത്രി അവിടെ തന്നെ വിശ്രമിക്കുകയും ചെയ്യുന്ന ജോഷിയിലേക്ക് അന്വേഷണമെത്തിയത്.

രണ്ട് ദിവസത്തെ നിരീക്ഷണത്തില്‍ ഇയാള്‍ സംഭവത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ചില സാമ്പത്തിക ബാധ്യതകള്‍ വീട്ടിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കൊടകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാല പണയം വയ്ക്കുകയും പിറ്റേദിവസം അതെടുത്ത് മറ്റൊരു ജ്വല്ലറിയില്‍ വില്പന നടത്തിയതായും പ്രതി പൊലീസിനോട് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *