Your Image Description Your Image Description

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ ,പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് പനിയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന വൈറസ് രോഗമാണ് നിപ. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നാണ് മലേഷ്യയിൽ വൈറസ് പകർന്നത്.

പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു. രണ്ട് രാജ്യങ്ങളിലും രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് പടർന്നതെന്നാണ് നിഗമനം.
വൈറസ് ബാധിച്ച് അഞ്ച് മുതൽ 14 ദിവസത്തിന് ശേഷമായിരിക്കും ലക്ഷണങ്ങൾ തുടങ്ങുക.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയവയുമുണ്ടാവാം.അതിവേഗം പടരാനാണ് സാദ്ധ്യത. പഴംതീനി വവ്വാലുകൾ പ്രധാന ഈ വൈറസ് വാഹകരാണ്. പന്നികളിൽ നിന്നും വവ്വാലുകളിൽ നിന്നും രോഗം പടരും. നേരത്തെ കേരളത്തിൽ നിപ പടർന്നത് വവ്വാലുകളിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ഉണ്ടായത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. മേയ് മാസത്തിൽ കേരളത്തിൽ ആദ്യമായി നിപ്പ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.

കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നത് . രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ്‌ ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ്‌ സാബിത്തിൽ നിന്നായിരുന്നു .

വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ട പേരാമ്പ്ര സ്വദേശികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്കാണ് രോഗബാധയുണ്ടായത്. മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് ആണ് ഇതിന്റെ ആദ്യ ഇര.

രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. സാലിഹിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മസ്തിഷ്കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടായത്.

തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചതിലൂടെ രോഗം സ്ഥിരീകരിച്ചു. മേയ് 20-നാണു് ഇവരിൽ നിന്നുള്ള സാമ്പിളുകൾ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്.

മേയ് 20-നു് കോഴിക്കോട് മെഡിക്കൽ കോളെജിലെ നഴ്സിങ്ങ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞു. രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു.

ലിനി അവസാനമായി ഭർത്താവിനെഴുതിയ എഴുത്ത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു.
അസുഖം മൂലം മരിച്ച കോഴിക്കോട്ട് ചെങ്ങരോത്ത് പഞ്ചായത്തിലെ മൂന്നു പേർ ഒരേ വീട്ടിലുള്ളവരായിരുന്നു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്.

തുടർന്ന് വീടിനു ചുറ്റുമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും അടുത്തുള്ള കിണറ്റിൽ പ്രത്യേക ഇനത്തിലുള്ള വവ്വാലുകൾ കൂട്ടമായി വസിക്കുന്നതായി കണ്ടെത്തുകയും അതിൽ മൂന്നു വവ്വാലുകളെ പരിശോധനക്കായി അയക്കുകയും ചെയ്തു.

പിന്നീട് 2019 ജൂണിൽ കൊച്ചിയിൽ നിപ വൈറസ് ബാധിച്ച് 23 കാരനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . അതിന് ശേഷം ഇപ്പോഴാണ് വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *