Your Image Description Your Image Description

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാനിൽ സഫോടന പരമ്പര. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ തുടർച്ചയായി സ്ഫോടനങ്ങൾ നടന്നു എന്നാണ് റിപ്പോർട്ട്. പ്രാദേശിക മാധ്യമമായ ജിയോ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോർ നഗരം. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണ് ലാഹോർ. നഗരത്തിൽ വാൾട്ടൻ എയ‍ർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷൻ സിന്ദൂറിലൂടെ തകർത്ത രണ്ട് ഭീകരപരിശീലന കേന്ദ്രങ്ങൾ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തിൽ സ്ഫോടനം നടന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ലഹോറിൽ ഇന്ത്യക്കെതിരെ വൻ സൈനിക പടയൊരുക്കം നടക്കുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായത്. ഇതിനു പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ, ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് സൈനികർക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). 14 പാക് സൈനികരാണ് ബിഎൽഎയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കൻ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘർഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്. ബലൂച് ലിബറേഷൻ ആർമിയുടെ സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (എസ്ടിഒഎസ്) ആണ് ബോലാനിൽ വച്ച് നിയന്ത്രിത ഐഇഡി സ്ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണമായും തകർന്നു.

പാകിസ്ഥാൻ തയ്യാറെടുക്കുന്നു

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ഇന്ത്യ ആക്രമണം നടത്തിയതിന് പ്രതികാരം ചെയ്യാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യക്കെതിരെ ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് പാകിസ്ഥാൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പാകിസ്ഥാൻ വ്യോമാതിർത്തി പൂർണമായും അടച്ചു.‌ ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രഖ്യാപിച്ചിട്ടുണ്ട്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമെ പാകിസ്ഥാന്റെ വ്യോമമേഖലയിൽ പ്രവേശിക്കുന്നിതിന് വിലക്കേർപ്പെടുത്തിയിരുന്നുള്ളു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്കു പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണ് പാകിസ്ഥാൻ. സ്വന്തം സിവിലിയൻ വിമാനങ്ങൾക്ക് ഉൾപ്പെടെ മേഖലയിൽ വിലക്കേർപ്പെടുത്തി. ചില അവശ്യസർവീസ് വിമാനങ്ങൾക്കു മാത്രമേ ഈ മേഖലയിലൂടെ പറക്കാൻ അനുമതി നൽകൂ എന്നാണ് റിപ്പോർട്ട്.

അടുത്ത 48 മണിക്കൂർ നേരത്തേക്കാണ് പാകിസ്ഥാൻ വ്യോമമേഖല പൂർണമായും അടച്ചിരിക്കുന്നത്. ഇന്ത്യൻ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാകിസ്ഥാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താൻ നീക്കമുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നിരുന്നു. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ പാകിസ്ഥാൻ മുതിർന്നാൽ തിരിച്ചടിക്കുമെന്നു തന്നെയാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സൈനിക ക്യാംപുകളോ സാധാരണക്കാരെയോ ലക്ഷ്യം വച്ചിട്ടില്ലെന്നും, ഭീകരപരിശീലന കേന്ദ്രങ്ങൾ മാത്രമാണ് പ്രിസിഷൻ അറ്റാക്കിലൂടെ തകർത്തതെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

അതിനിടെ, ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, സർവസജ്ജരായ ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ മനസ്സിലാക്കിയ പാക് സൈനികർ വന്നപോലെ മടങ്ങിപ്പോയി എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയെ ആക്രമിക്കാനും മടിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി എത്തിയത്.

പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം ഇന്ത്യൻ സൈന്യം മനസ്സിലാക്കുകയായിരുന്നു. പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തി. ഇതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മറുപടി ഒറ്റ രാത്രിയിലെ ഓപ്പറേഷൻ സിന്ദൂർ കൊണ്ട് അവസാനിക്കില്ലെന്ന് സൂചന. ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാകിസ്ഥാനിൽ 21 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ ഒമ്പത് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പുലർച്ചെ ഇന്ത്യയുടെ സംയുക്ത സൈന്യം തകർത്തത്. അവശേഷിക്കുന്ന ഭീകര ക്യാമ്പുകളിലും ഇന്ത്യ ആക്രമണം നടത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ 31 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേർക്ക് പരിക്കേറ്റു. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ കേന്ദ്രസർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ പാക്കിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ​ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് നിർദ്ദേശം.

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു

അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് രജൗരി മേഖലകളിലുണ്ടായ പാകിസ്ഥാൻ നട‌ത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ദിനേഷ് കുമാർ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്.

ഷെൽ ആക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടിരുന്നു. 57 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ സഹോദരങ്ങളടക്കം നാലു കുട്ടികളുമുണ്ട്.

ഷൈല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെനേതൃത്വത്തിൽ 10 ജില്ലകളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ കേന്ദ്രം സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി.

ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ പറഞ്ഞു. ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്ന് പാക് പ്രധാനമന്ത്രി

പാകിസ്ഥാൻ സൈന്യം ഉൾപ്പെടെ അതീവ സുരക്ഷയൊരുക്കുന്ന ഭീകര ക്യാമ്പുകളിലാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതിടങ്ങളിലുള്ള ഭീകര ക്യാമ്പുകളാണ് ആക്രമിച്ച് നശിപ്പിച്ചതെന്നും സൈനിക പോസ്റ്റുകൾക്ക് നേരേയെ സാധാരണ മനുഷ്യർക്ക് നേരേയോ ആക്രമണമുണ്ടായില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ, രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കുകയാണ് ചെയ്തത്.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇക്കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്തത്. പാകിസ്ഥാൻ ഒരടി പിന്നോട്ടില്ലെന്നായിരുന്നു ഷഹബാസ് ഷരീഫിന്റെ പ്രഖ്യാപനം. തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, അത് എങ്ങനെയെന്ന് പാകിസ്ഥാന് അറിയാമെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികൾ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

നേരത്തെ പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. ശക്തമായ തിരിച്ചടി കിട്ടിയിട്ടും ഇന്ത്യൻ വിമാനങ്ങൾ തകർത്തുവെന്ന അവകാശവാദമടക്കം നടത്തിയാണ് പാക് പ്രധാനമന്ത്രി പോർവിളി നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നാണ് ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടത്. സൈന്യത്തിന് പൂർണ്ണ ഉത്തരവാദിത്തം നൽകിയിരിക്കുകയാണ്. അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ വിമാനങ്ങൾ തകര്ത്തുവെന്നും അവകാശപ്പെട്ടു. ദേശീയ സുരക്ഷ സമിതി യോഗത്തിലും ഇന്ത്യക്ക് ശക്തമായ തിരിച്ചടി നൽകിയെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. തുടർ ആക്രമണത്തിനുള്ള സമയവും സാഹചര്യവും സൈന്യത്തിന് സ്വീകരിക്കാമെന്നാണ് ഷഹബാസ് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകാശ്മീർ, ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളാണ് പാകിസ്ഥാൻ ഉന്നം വയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമായ പാകിസ്ഥാന് തിരിച്ചടിക്ക് ശേഷിയില്ലെന്നും വിലയിരുത്തപ്പെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് പാക് സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾ 36 മണിക്കൂർ നേരം റദ്ദാക്കി. വ്യോമപാതയും പൂർണ്ണമായും അടച്ചിട്ടുണ്ട്. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകുയാണ്.

അതേസമയം ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൻറെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളോടടക്കം ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാൻറെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

മോദിയോട് ചോദിക്കാനാണ് ഭീകരർ പറഞ്ഞത്, മോദി മറുപടി നൽകി

പഹൽ​​ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളിൽ ലോകത്തെ ഏറെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ മൃതദേഹത്തിനരുകിൽ നിരാലംബയായി ഇരിക്കുന്ന ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം ദിവസമാണ് ഹിമാൻഷിയുടെ കൺമുന്നിൽവെച്ച് ഭർത്താവിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. മധുവിധു ആഘോഷിക്കാനായാണ് നവദമ്പതികൾ കശ്മീരിലെത്തിയത്. തന്റെ ഭർത്താവിന്റെ ജീവനായി ഭീകരർക്ക് മുന്നിൽ കരഞ്ഞപേക്ഷിച്ചിട്ടും യാതൊരു ദയയും ഭീകരർ കാട്ടിയില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്നലെ തന്നെ ഹിമാൻഷി നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ, യുവതിയുടെ കൂടുതൽ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

ഈ ഓപറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്കുള്ള തുടക്കമാകണമെന്നുമാണ് ഹിമാൻഷി കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ‘‘എന്റെ ഭർത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവൻ രക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയുമില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സർക്കാരിനോട് ഞാൻ നന്ദിപറയുന്നു. എന്നാൽ ഇത് ഇവിടെ അവസാനിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഈ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണമിതെന്ന് ഞാൻ അഭ്യർഥിക്കുന്നു.

നമ്മുടെ സേനയും മോദി സർക്കാരും ഭീകരർക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും ശക്തമായ സന്ദേശം നൽകി. ഞങ്ങൾ അനുഭവിച്ച വേദന, ആ 26 കുടുംബങ്ങൾ അനുഭവിച്ച വേദന ഇപ്പോൾ അതിർത്തിക്ക് അപ്പുറമുള്ളവർക്ക് മനസ്സിലായി. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിട്ടുള്ളു എന്നും എന്നോട് കരുണ കാണിക്കണം എന്നും ഞാൻ അന്ന് ഭീകരരോട് പറഞ്ഞതാണ്. എന്നാൽ ‘അത് മോദിയോട് പോയി ചോദിക്കു’ എന്നാണ് അവർ എന്നോട് പറഞ്ഞത്. ഇന്ന് മോദി, നമ്മുടെ സൈന്യം അവർക്ക് മറുപടി നൽകി. പഹൽഗാമിന് തിരിച്ചടി നൽകിയതിൽ സന്തോഷമുണ്ട്. എന്നാൽ ആ 26 പേർ ഇപ്പോൾ ജീവനോടെയില്ല എന്നതിൽ ദുഃഖവുമുണ്ട്’’– ഹിമാൻഷി പറഞ്ഞു.

പഹൽഗാമിലേതുപോലെയുള്ള ഭീകരാക്രമണങ്ങൾ ഇനിയും ആവർത്തിക്കുന്നതിന് മുൻപ് ഭീകരവാദികൾ നൂറുതവണ ആലോചിക്കണമെന്ന് വിനയ് നർവാളിന്റെ അച്ഛൻ രാജേഷ് നർവാൾ‌ പറഞ്ഞു. ഹരിയാനയിലെ കർണാൽ ഭുസ്‌ലി സ്വദേശിയും കൊച്ചി ദക്ഷിണ നാവിക കമാൻഡിലെ ഓഫിസർ ഇൻ ചാർജുമായിരുന്ന (എസ്ഐജി) ലഫ്റ്റനന്റ് വിനയ് നർവാളും ഗുരുഗ്രാം സ്വദേശി ഹിമാൻഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞമാസം പതിനാറിനായിരുന്നു. 19ന് സൽക്കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഇരുപതിനാണു മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ കശ്മീരിലേക്കു പോയത്.

ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന് നഷ്ടമായത് അഞ്ച് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ പത്തുപേരെ

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതിൽ ഖേദമോ നിരാശയോ ഇല്ലെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ. അഞ്ച് കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് മസൂദ് അസ്ഹറിന് ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടമായത്. അവർക്ക് പോകേണ്ട സമയം വന്നു എന്നാണ് ഇതിനോട് മസൂദ് അസ്ഹർ പ്രതികരിച്ചത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടന്ന് മസൂദ് അസ്ഹർ തന്നെ സ്ഥിരീകരിച്ചത്. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു.

‘‘എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്. എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു’’– മസൂദ് അസ്ഹർ പറഞ്ഞു.

തനിക്ക് ഇതിൽ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയിൽ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവർക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മസൂദ് അസ്ഹർ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

യുഎൻ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്. അസ്ഹർ പാക്കികിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, പാകിസ്ഥാൻ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *