Your Image Description Your Image Description

അജ്മാൻ: ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാ​ഗ്യങ്ങൾ തേടിയാണ് ഓരോ മലയാളിയും ​ഗൾഫിലേക്ക് വിമാനം കയറുന്നത്. ചിലർ തങ്ങളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിക്കുമ്പോൾ മറ്റു ചിലർക്ക് ഈ മണലാര്യത്തിൽ നരകയാതനകളാകും കാത്തിരിക്കുന്നത്. വലിയ പ്രശ്നമില്ലാതെ, എന്നാൽ എല്ലാ സ്വപ്നങ്ങളും സഫലമാകാതെ ജീവിച്ച് പോകുന്നവരാണ് അധികവും. ഒരിക്കൽ ഈ പ്രവാസഭൂമിയിലെത്തുന്ന മനുഷ്യരെ ഇവിടെ തന്നെ പിടിച്ചുനിർത്തുന്ന ഒരു ആകർഷണീയതയും ​ഗൾഫിനുണ്ട് എന്നാണ് പ്രവാസികൾ പറയുന്നത്. യുഎഇയിൽ മലയാളികളെ എപ്പോഴും ഭാ​ഗ്യദേവത ചേർത്തുപിടിക്കാറുണ്ട്‌. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലുമായി നിരവധി മലയാളികളാണ് കോടീശ്വരന്മാരായിട്ടുള്ളത്. ഇപ്പോഴിതാ, ആ പട്ടികയിലേ‌ക്ക് മറ്റൊരു മലയാളി കൂടി എത്തിയിരിക്കുകയാണ്. കാസർകോട് സ്വദേശി വേണുഗോപാൽ മുല്ലച്ചേരി(52) ആണ് ആ ഭാ​ഗ്യവാൻ.

യുഎഇയിൽ കോടിപതിയാകുന്ന അഞ്ഞൂറാമനാണ് വേണു​ഗോപാൽ മുല്ലച്ചേരി. ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) യാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. വലിയ കടബാധ്യതകളിൽ നട്ടംതിരിയുന്നതിനിടെയാണ് വേണു​ഗോപാലിനെ തേടി ഭാ​ഗ്യദേവത എത്തിയത്. ജീവിതം രക്ഷപ്പെട്ടു എന്ന് തോന്നിയ നിമിഷമെന്നായിരുന്നു സമ്മാനം ലഭിച്ചപ്പോൾ ഇദ്ദേഹത്തിന്റെ പ്രതികരണം.

2008ൽ ഐടി സപ്പോർട്ട് സ്പെഷലിസ്റ്റായാണ് വേണു​ഗോപാൽ യുഎഇയിൽ എത്തിയത്. ഏപ്രിൽ 23ന് ഇന്ത്യയിൽ നിന്ന് കുടുംബസമേതം വരുമ്പോൾ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലെ അറൈവൽസ് സ്റ്റാളിൽ നിന്നായിരുന്നു ഭാഗ്യം കൊണ്ടുവന്ന 1163 നമ്പർ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പിന്റെ തത്സമയ ദൃശ്യങ്ങൾ കാണുകയായിരുന്നു. തന്റെ പേര് വിളിക്കുന്നത് കേട്ടപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും അകന്നിട്ടില്ലെന്നും വേണു​ഗോപാൽ പറയുന്നു. തലയിൽ ഒരു കനത്ത ഭാരമായിരുന്നു അതുവരെ, ആ ഭാരമൊക്കെയും അപ്രത്യക്ഷമായി.

വ്യക്തിപരമായ പ്രശ്നങ്ങൾ ഏറ്റവുമധികം ബാധിച്ച വേണുഗോപാൽ നാട്ടിൽ വീട് പണിതതും പിന്നീട് ഒരാൾ വിശ്വാസവഞ്ചന കാണിച്ചതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. 16 വർഷമായി യുഎഇയിൽ താമസിക്കുന്ന വേണുഗോപാലിന് ഒരു മകളും മകനുമുണ്ട്. മകൾ മംഗളൂരുവിൽ നഴ്സിങ് പഠനത്തിന് ചേർന്നിരിക്കുന്നു. ഭാര്യയും 12 വയസ്സുള്ള മകനും കാസർകോടാണുള്ളത്. 10 വർഷത്തിലധികമായി വർഷത്തിൽ രണ്ട് നാട്ടിലേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ടിക്കറ്റ് വാങ്ങാറുള്ളത്. പക്ഷേ, ഒരിക്കലും ജയിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ഒടുവിൽ ഒരിക്കൽ അതുണ്ടായിരിക്കുന്നു.

1999ൽ തുടങ്ങിയത് മുതൽ ഈ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനാണ് വേണുഗോപാൽ. ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലുള്ള മലയാളികളുടെ പട്ടികയിൽ ഒരാൾക്കൂടി. പണം എന്തിന് ഉപയോഗിക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ആദ്യംനീണ്ട അവധിയെടുത്തത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആലോചന. പിന്നെ യുഎഇയിലേക്ക് മടങ്ങി എന്തെങ്കിലും ബിസിനസ് തുടങ്ങണം. ഈ രാജ്യത്തെ ഞാൻ ഹൃദയത്തിൽ നിന്ന് ഒരിക്കലും പറിച്ചെറിയുകയില്ല. മറ്റെവിടേയ്ക്കും പറിച്ചുനടാൻ ഒരിക്കലും ചിന്തിക്കില്ല. കുടുംബത്തെ ഇവിടെ കൊണ്ടുവരാനും ആഗ്രഹമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *