Your Image Description Your Image Description

കണക്കിൽ മിടുക്കരായ കുട്ടികൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ കരിയർ മേഖലയാണ് ആക്ചൂറിയൽ സയൻസ്. ആ​ഗോള തലത്തിൽ തന്നെ മികച്ച തൊഴിലവസരങ്ങളാണ് ഈ മേഖല വാ​ഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക ഇടപാടുകളിൽ നഷ്ടങ്ങളുടെയും അപകടങ്ങളുടെയും സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി, വേണ്ട മുൻകരുതലുകളെടുക്കുക എന്നതാണ് ആക്ച്വറിയുടെ പ്രധാന ചുമതല.

ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവക്കാവശ്യമായ വിവിധതരം സാമ്പത്തിക വിശകലന പഠനങ്ങൾ നടത്തുന്നത് ആക്ച്വറികളാണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ സയൻസ് തുടങ്ങിയവയിൽ താൽപര്യവും വിശകലന നൈപുണ്യവുമുള്ളവർക്ക് അനുയോജ്യമായ കരിയറാണിത്. ഇൻഷുറൻസാണ് ആക്ച്വറികളുടെ പ്രധാന മേഖല.

ഇൻഷുറൻസ് സേവനങ്ങളുടെ രൂപകൽപന, പ്രീമിയം നിശ്ചയിക്കൽ, അസറ്റ് ലയബിലിറ്റി മാനേജ്മെന്‍റ്, റിസർച് ആൻഡ് അനാലിസിസ്, ഫിനാൻഷ്യൽ പ്ലാനിങ്, റിസ്ക് മാനേജ്മെന്‍റ് തുടങ്ങിയവയിൽ ആക്ച്വറികളുടെ സംഭാവന നിർണായകമാണ്. സർക്കാർ മേഖലയിലും ആരോഗ്യമേഖല, ധനകാര്യ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയിലും ആക്ച്വറികൾക്ക് തൊഴിലവസരങ്ങളുണ്ട്.

എങ്ങനെ ആക്ച്വറിയാകാം?

പ്രത്യേകം പരീക്ഷ വിജയിക്കേണ്ടതുണ്ട്. ഇന്ത്യയിൽ മുംബൈ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ (IAI) നടത്തുന്ന ആക്ച്വറിയൽ കോമൺ എൻട്രൻസ് ടെസ്റ്റ് (ACET) ആണ് വിജയിക്കേണ്ടത്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.

വർഷത്തിൽ രണ്ടുതവണ പരീക്ഷയുണ്ട്, ജൂണിലും ഡിസംബറിലും. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം. 70 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷയാണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ഡേറ്റ ഇന്‍റർപ്രട്ടേഷൻ, ലോജിക്കൽ റീസണിങ് തുടങ്ങിയവയിൽ നിന്നാണ് ചോദ്യങ്ങൾ.

പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടി യോഗ്യത നേടുന്നവർക്ക് സ്റ്റുഡന്‍റ് മെംബർഷിപ്പിന് അപേക്ഷിക്കാം. പരീക്ഷാഫലം വന്ന് മൂന്നുവർഷത്തിനകം അപേക്ഷിക്കണം. തുടർ പഠനത്തിലൂടെ വിവിധ പരീക്ഷകൾ വിജയിച്ച് അസോസിയറ്റ്ഷിപ്, ഫെലോഷിപ് എന്നീ ഘട്ടങ്ങൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയിൽ അസോസിയറ്റ് മെംബർഷിപ് നേടി, രജിസ്ട്രേഡ് ആക്ച്വറിയായി പ്രവർത്തിക്കാൻ സാധിക്കൂ. വെബ്സൈറ്റ്: https://www.acturiesindia.org/

സി.എ, സി.എം.എ, സി.എസ്, എം.ബി.എ (ഫിനാൻസ്), ആക്ച്വറിയൽ സയൻസിൽ ബിരുദം/ ബിരുദാനന്തര ബിരുദം, എൻജിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് സ്റ്റുഡന്‍റ് മെംബർഷിപ്പിന് നേരിട്ട് അപേക്ഷിക്കാം. യു.കെ ആസ്ഥാനമായുള്ള ദി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫാക്കൽറ്റി ഓഫ് ആക്ച്വറീസ് (IFoA) വഴിയും ആക്ച്വറിയാകാനുള്ള അവസരമുണ്ട് (https://actuaries.org.uk/).

കൂടാതെ ദി ആക്ച്വറിയൽ സൊസൈറ്റി ഓഫ് സൗത്ത് ആഫ്രിക്ക (ASSA), ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ആസ്ട്രേലിയ, യു.എസ് ആസ്ഥാനമായ കാഷ്വൽറ്റി ആക്ച്വറിയൽ സൊസൈറ്റി (CAS), സൊസൈറ്റി ഓഫ് ആക്ച്വറീസ് (SOA) തുടങ്ങിയ സ്ഥാപനങ്ങൾ വഴിയും ആക്ച്വറിയാകാം.

പഠനാവസരങ്ങൾ

ആക്ച്വറിയൽ സയൻസിൽ വിവിധ കോഴ്സുകൾ നൽകുന്ന പ്രധാന സ്ഥാപനങ്ങൾ പരിചയപ്പെടാം:

● എം.എസ്‍സി ഇൻ ആക്ച്വറിയൽ സയൻസ്: കേരള സർവകലാശാല (ഡിപ്പാർട്ട്മെന്‍റ് ഓഫ് ഡെമോഗ്രഫി), സെന്‍റ് ജോസഫ് അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച് കോട്ടയം, മാർ അത്തനേഷ്യസ് കോളജ് കോതമംഗലം, ക്രൈസ്റ്റ് മദ്രാസ്, അമിറ്റി സർവകലാശാലകൾ, ബിഷപ് ഹെബർ കോളജ് തിരുച്ചിറപ്പള്ളി.

● പി.ജി ഡിപ്ലോമ ഇൻ ആക്ച്വറിയൽ സയൻസ്: അലീഗഢ്, മുംബൈ, അണ്ണാമലൈ, ഗുജറാത്ത് സർവകലാശാലകൾ,

● ബി.എസ്‍സി ആക്ച്വറിയൽ സയൻസ്: അമിറ്റി സർവകലാശാല

● ബി.കോം ആക്ച്വറിയൽ മാനേജ്മെന്‍റ്: ഭാരതിയാർ സർവകലാശാല കോയമ്പത്തൂർ

കൂടാതെ Coursera, Udemy, edX പോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, കൊളംബിയ യൂനിവേഴ്സിറ്റി, മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങി നിരവധി വിദേശ യൂനിവേഴ്സിറ്റികളിലും ആക്ച്വറിയൽ സയൻസുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *