Your Image Description Your Image Description

ന്യൂയോർക്ക്: ഫാഷൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെറ്റ് ഗാല 2025 ന് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് വേദിയാകും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചുവന്ന പരവതാനിക്ക് പേരുകേട്ട ഈ താരനിബിഡ രാവ്, അതിഥികൾക്കായി അവിശ്വസനീയമായ നിയമങ്ങളും നിയന്ത്രണങ്ങളും കൂടി ഒളിപ്പിച്ചുവെക്കുന്നുണ്ട്.

 

ഈ വർഷത്തെ ഗാലയുടെ തീം ‘ടെയ്‌ലേർഡ് ഫോർ യു’ എന്നതാണ്. കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ‘സൂപ്പർഫൈൻ: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈൽ’ എന്ന പ്രത്യേക പ്രദർശനവുമായി ഇത് ചേർന്നുപോകുന്നു. കറുത്ത വർഗ്ഗക്കാരായ ഡിസൈനർമാരുടെ അതുല്യമായ കരവിരുതും ബ്ലാക്ക് ഡാൻഡിസത്തിൻ്റെ സാംസ്കാരിക പ്രാധാന്യവും ഈ പ്രദർശനം എടുത്തുക്കാട്ടുന്നു.

 

വോഗിൻ്റെ എഡിറ്റർ-ഇൻ-ചീഫും ഈ ഗംഭീര ഇവൻ്റിൻ്റെ അമരക്കാരിയുമായ അന്ന വിൻ്റോർ, അതിഥികളുടെ ഇരിപ്പിടം മുതൽ അവർ കഴിക്കുന്ന ഭക്ഷണം വരെ ഓരോ കാര്യവും സൂക്ഷ്മമായി നിരീക്ഷിക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമുള്ള ഈ സ്വകാര്യ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ, 2025 ലെ മെറ്റ് ഗാലയെ നിയന്ത്രിക്കുന്ന ചില അതിശയിപ്പിക്കുന്ന നിയമങ്ങൾ ഉണ്ട്. അവ ഇതാ…

 

പാർസ്ലിയും ഉള്ളിയും വെളുത്തുള്ളിയും പാടില്ല

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ രാത്രിയിൽ അതിഥികൾ മികച്ച രീതിയിൽ കാണപ്പെടുകയും അവർക്ക് നല്ല ഗന്ധം ഉണ്ടാവുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വായ്നാറ്റവും, ചീത്ത മണവും ഒഴിവാക്കാൻ മെറ്റ് ഗാല അത്താഴ മെനുവിൽ നിന്ന് ചില ഭക്ഷണങ്ങൾ നിരോധിച്ചിരിക്കുന്നു. ഫോട്ടോ എടുക്കുമ്പോൾ ഉള്ളിയുടെ മണം വമിക്കുന്നതും പല്ലിൽ പച്ചിലകൾ കുടുങ്ങുന്നതും ഒഴിവാക്കാൻ ഭക്ഷണത്തിൽ നിന്ന് ഉള്ളി, വെളുത്തുള്ളി, പാഴ്‌സ്‌ലി എന്നിവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. വിലകൂടിയ വസ്ത്രങ്ങളിൽ ഭക്ഷണത്തിന്റെ അംശങ്ങൾ പറ്റിപ്പിടിക്കുന്നത് തടയാൻ ബ്രൂഷെറ്റ പോലുള്ള വിഭവങ്ങളും വിളമ്പാറില്ല.

ഫോണില്ല, സെൽഫിയുമില്ല

മെറ്റ് ഗാലയിൽ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ താരങ്ങളും ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോൾ പോലും, ഗാലയ്ക്കുള്ളിൽ നിന്ന് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയോ ടിക് ടോക്ക് വീഡിയോയോ പോലും നമ്മുക്ക് കാണാൻ കഴിയില്ല. ഇതിന് കാരണം ഇവൻ്റിൻ്റെ കർശനമായ “നോ ഫോൺ” പോളിസിയാണ്. സ്വകാര്യ ടൂറുകൾ, അത്താഴം, പ്രകടനങ്ങൾ എന്നിവയുടെ പൂർണ്ണ ദൈർഘ്യമുള്ള ചിത്രീകരണമോ പൊതുവായി പങ്കുവെക്കുന്നതോ ഇവിടെ അനുവദനീയമല്ല.

 

ഒരിക്കൽ കയറിയാൽ പുകവലിക്കരുത്

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളവരും ഫാഷനബിളുമായ ആളുകൾ പോലും മെറ്റ് ഗാലയിൽ പ്രവേശിച്ചുകഴിഞ്ഞാൽ പുകവലിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പ്രദർശിപ്പിച്ചിരിക്കുന്ന വിലയേറിയ വസ്ത്രങ്ങൾ പുകയുടെ ഗന്ധം ഏൽക്കാതെയും കേടുപാടുകൾ സംഭവിക്കാതെയും സംരക്ഷിക്കാൻ ഇത് അത്യാവശ്യമാണ്. ടിവി അവതാരക ഗെയ്ൽ കിംഗ്, ക്യൂറേറ്റർ ആൻഡ്രൂ ബോൾട്ടണോട് ഒരു സെലിബ്രിറ്റിക്ക് വീണ്ടും ക്ഷണം ലഭിക്കാതിരിക്കാൻ അവർ എന്ത് തെറ്റ് ചെയ്യണം എന്ന് ചോദിച്ചപ്പോൾ, ഗാലറികളിൽ പുകവലിക്കുന്നത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ തെറ്റാണെന്ന് മറുപടി നൽകിയിരുന്നു.

നിങ്ങൾക്ക് എവിടെ ഇരിക്കണമെന്ന് തീരുമാനിക്കാൻ കഴിയില്ല

നിങ്ങൾ 75,000 ഡോളർ ടിക്കറ്റിന് നൽകിയാലും മെറ്റ് ഗാലയിൽ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് അവകാശമില്ല! വോഗിലെ സ്പെഷ്യൽ പ്രോജക്ടുകളുടെ ഡയറക്ടർ വാർഡ് ഡ്യൂററ്റ് പറയുന്നതനുസരിച്ച്, ആരാണ് എവിടെ, ആരുടെ അടുത്ത് ഇരിക്കണം എന്ന് തീരുമാനിക്കുന്നതിന് സൂക്ഷ്മമായ ആസൂത്രണവും പരിഗണനയും ആവശ്യമാണ്. ദമ്പതികൾ പോലും സാധാരണയായി പരസ്പരം അടുത്തിരിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. പകരം, സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന രീതിയാണ് അവലംബിക്കുക. ഇരിപ്പിടം തീരുമാനിക്കുമ്പോൾ, ആളുകൾക്ക് അവരുടെ അടുത്തുള്ളവരുമായി മുൻകാല ബന്ധമുണ്ടോ അല്ലെങ്കിൽ അവർ തമ്മിൽ നല്ല ബന്ധമാണോ എന്നതും സംഘാടകർ പരിഗണിക്കും. ഡിസംബർ മുതൽ തന്നെ ഇരിപ്പിടങ്ങളുടെ മാപ്പ് തയ്യാറാക്കാൻ തുടങ്ങും.

നിങ്ങളുടെ വസ്ത്രങ്ങൾക്ക് അംഗീകാരം ലഭിക്കണം

ഉയർന്ന ടിക്കറ്റ് വില നൽകിയാലും അല്ലെങ്കിൽ മെറ്റ് ഗാലയിലേക്ക് ക്ഷണം ലഭിച്ചാലും, ഈ എക്സ്ക്ലൂസീവ് ഇവന്റിലേക്ക് പ്രവേശനം ലഭിക്കുന്നതിന് നിങ്ങൾക്ക് കൂടുതൽ കടമ്പകൾ കടക്കേണ്ടിവരും. വോഗിൻ്റെ എഡിറ്റർ അന്ന വിൻ്റോർ സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിന് വ്യക്തിപരമായി അംഗീകാരം നൽകുന്നു. ഇതിന് ഒരു പ്രത്യേക ചുരുക്കെഴുത്ത് പോലുമുണ്ട്: AWOK, അതായത് “അന്ന വിൻ്റോർ ഓക്കെ!”

പ്രവേശനം വേണോ? ആദ്യം പണമടയ്ക്കുക

മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികൾ പോലും അവരുടെ സീറ്റുകൾക്ക് പണം നൽകണം എന്ന് അറിയുമ്പോൾ പലരും അത്ഭുതപ്പെട്ടേക്കാം. ഓരോ സീറ്റിനും മേശയ്ക്കും വിലയുണ്ട്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നത് സത്യമാണ്. എഴുനൂറ് വർഷം പഴക്കമുള്ള ഫാഷൻ ശേഖരം സംരക്ഷിക്കാൻ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് മെറ്റ് ഗാലയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നു എന്നത് പലരും അറിയാത്ത കാര്യമാണ്. ടൈം റിപ്പോർട്ട് അനുസരിച്ച്, 2024 ലെ മെറ്റ് ഗാലയിൽ ഒരു ടിക്കറ്റിന് 75,000 ഡോളറും ഒരു മുഴുവൻ മേശയ്ക്ക് 350,000 ഡോളറുമായിരുന്നു വില! രസകരമായ കാര്യം, സെലിബ്രിറ്റികൾ മാത്രമല്ല ഈ ഭീമമായ തുക വഹിക്കുന്നത്. അവരുടെ ഡിസൈനുകൾ ഐക്കണിക് റെഡ് കാർപെറ്റിൽ പ്രദർശിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ പലപ്പോഴും പ്രശസ്തമായ ഫാഷൻ ഹൗസുകളാണ് സീറ്റുകളുടെ ചെലവ് വഹിക്കുന്നത്.

മെറ്റ് ഗാലയുടെ ഈ രഹസ്യ ലോകം ഫാഷൻ പ്രേമികളെയും സാധാരണക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *