Your Image Description Your Image Description

അതിഥിതൊഴിലാളികൾ നമ്മളുടെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലങ്ങളായി. കെട്ടിടം പണി മുതൽ പാടത്ത് കൊയ്ത്ത് നടത്തുന്നതും തുടങ്ങി ഇവർ കൈവെക്കാത്ത മേഖലകൾ ഇന്ന് കേരളത്തിലില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തേടി കേരളത്തിലേക്ക് വന്ന ഭായിമാർ സ്വന്തമായി ബിസിനസ്സുകൾ തുടങ്ങി മുതലാളിമാരായതും നമ്മുടെ നാട്ടിൽ നിന്ന് തന്നെ. കോഴിക്കോട്ടെ മലയോര മേഖലയായ കാവിലും പാറയില്‍ നിന്ന് അതിഥിത്തൊഴിലാളികളുടെ മറ്റൊരു ചേര്‍ത്ത് നിര്‍ത്തലിന്റെ വേറിട്ട കഥയാണ് ഈ വിഷുക്കാലത്ത് പറയാനുള്ളത്.

കാവിലുംപാറയല്‍ കഴിഞ്ഞ ആറാം തീയതി മുതല്‍ ആരംഭിച്ച് വമ്പിച്ച ജനാവലിയോടെ നടന്നുകൊണ്ടിരിക്കുന്ന നാടിന്റെ ഉത്സവമായ കാവിലുംപാറ ഫെസ്റ്റിന്റെ അവസാന ദിനം ഏപ്രില്‍ 14 ന് അതിഥിത്തൊഴിലാളികളുടെ ഗാനമേള തന്നെയാണ് ഇത്തവണത്തെ പ്രത്യേകത. പരിപാടിക്ക് ആവേശമായി നാട്ടുകാരും ഇവരോടൊപ്പം ചേരും. പാട്ടുകള്‍ മാത്രമല്ല അവരുടെ മറ്റ് പരിപാടികള്‍ അവതരിപ്പിക്കാനും സംഘാടകര്‍ അവസരമൊരുക്കിയിട്ടുണ്ട്. കാവിലുംപാറയിലും സമീപ പ്രദേശങ്ങളിലുമെല്ലാം താമസമാക്കിയതും ജോലി ചെയ്യുന്നവരുമായ അതിഥി ത്തൊഴിലാളികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

വര്‍ഷങ്ങളായി നാടിന്റെ ഓരോ മുക്കിലും മൂലയിലും നാട്ടുകാരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഇവരെ ചേര്‍ത്തുക ഒരു നാടിന്റെ ഉത്തരവാദിത്വമെന്നത് കണ്ടാണ് ഇത്തരം പരിപാടിക്ക് സംഘാടക സമിതി പദ്ധതിയിട്ടതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഏപ്രില്‍ ആറിന് തുടങ്ങിയ കാവിലുംപാറ ഫെസ്റ്റില്‍ യുവജനങ്ങളും വനിതകളും വയോധികരുമെല്ലാം പരിപാടിയുടെ ഭാഗമായി കഴിഞ്ഞു. വിഷു ദിനത്തില്‍ പരിപാടികൾ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *