Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്തെ മാലിന്യനിർമാർജ്ജന രംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കാൻ വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ 11ന് മാസ്‌കോട്ട് ഹോട്ടലിൽ വച്ചാണ് ഒരുദിവസം നീളുന്ന ബിസിനസ് മീറ്റുകൾ നടത്തുക. രാവിലെ 9.30 ന് വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും.

നിക്ഷേപകരും സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും മാലിന്യനിർമാർജ്ജനവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യകളുടേയും മറ്റും അവതരണവും ഇവയുടെ സാധ്യതകളുമാണ് ബിസിനസ് മീറ്റിൽ ചർച്ച ചെയ്യുക. ഖരമാലിന്യ സംസ്‌കരണം, ദ്രവ മാലിന്യ സംസ്‌കരണം, നിർമാണ മേഖലയിലെ മാലിന്യങ്ങൾ, സാനിട്ടറി മാലിന്യങ്ങൾ, ഇ- മാലിന്യങ്ങൾ എന്നിവയുടെ നിർമാർജ്ജനത്തിനാണ് കൂടുതൽ ഊന്നൽകൊടുക്കുന്നത്. ഒപ്പം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഇന്നൊവേഷനുകളും സെഷനുകളിൽ ചർച്ച ചെയ്യും.

മാലിന്യ സംസ്‌കരണ രംഗത്തെ നിക്ഷേപ സാധ്യതകൾ, സ്റ്റാർട്ടപ്പുകളുടെ പങ്ക് എന്നിങ്ങനെ രണ്ടു സെഷനുകളായിട്ടാണ് മീറ്റ് നടക്കുക. പങ്കെടുക്കുന്ന കമ്പനികൾക്ക് സർക്കാർ മേഖലയിലും സ്വകാര്യ നിക്ഷേപകർ വഴിയും തേടാവുന്ന സാധ്യതകൾ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം മാലിന്യം കൈകാര്യം ചെയ്യുന്നതിലും പുനഃചംക്രമണം, സുസ്ഥിര പരിഹാര മാർഗങ്ങൾ എന്നിവയിലുമുള്ള സാധ്യതകളും പരിശോധിക്കും. ഈ രംഗവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നയങ്ങൾ, ഇൻസെന്റീവുകൾ, നിയമപരമായ ചട്ടക്കൂടുകൾ തുടങ്ങിയവയ്ക്കൊപ്പം നിലവിലുള്ള സാങ്കേതികവിദ്യകളേയും സുസ്ഥിര മാതൃകകളേയും പറ്റി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും മനസ്സിലാക്കുന്നതിനുള്ള പരിപാടി കൂടിയായിരിക്കും ബിസിനസ് മീറ്റുകൾ. ഏപ്രിൽ 9 മുതൽ 13 വരെയാണ് വൃത്തി കോൺക്ലേവ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *