Your Image Description Your Image Description

ബാങ്കോക്ക്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് തായ്ലന്‍ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. ഡോണ്‍ മുവാങ് വിമാനത്താവളത്തിലെത്തിയ മോദിയെ ഡെപ്യൂട്ടി പ്രധാനമന്ത്രി സൂരിയ ജോങ്റോങ്രാങ്കിറ്റാണ് സ്വീകരിച്ചത്. സിഖ് സമൂഹത്തില്‍ ഉള്‍പ്പെട്ടവരുടെ ഭംഗ്ര നൃത്തവും വിമാനത്താവളത്തില്‍ അരങ്ങേറി.

രാമായണത്തിന്റെ തായ് പതിപ്പായ ‘രാമീകനും’ തായ്ലന്‍ഡിലെ കലാകാരന്മാര്‍ പ്രധാന മന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. തായ്ലാന്‍ഡും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണുള്ളതെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. ‘സാംസ്‌കാരികമായും ആത്മീയമായും തായ്ലാന്‍ഡും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണുള്ളത്. ബുദ്ധമതത്തിന്റെ വ്യാപനം ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു. രാമായണകഥകള്‍ തായ് ജനതയുടെ ജീവിതത്തിന്റെകൂടി ഭാഗമാണ്’, നരേന്ദ്ര മോദി വ്യക്തമാക്കി.

തന്റെ തായ്ലന്‍ഡ് സന്ദര്‍ശനവേളയില്‍ രാമായണവുമായി ബന്ധപ്പെട്ട് 18-ാം നൂറ്റാണ്ടിലുണ്ടായ മ്യൂറല്‍ പെയിന്റിനെ അടിസ്ഥാനമാക്കി സ്റ്റാമ്പ് പുറത്തിറക്കിയതിലുള്ള നന്ദിയും പ്രധാനമന്ത്രി രേഖപ്പെടുത്തി. തായ് പ്രധാനമന്ത്രി പയ്തോങ്തരണ്‍ ഷിനവത്രയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ‘ദ വേള്‍ഡ് ടിപ്പിടാക്ക’ എന്ന വിശുദ്ധ പുസ്തവും ഷിനവത്ര മോദിക്ക് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *