Your Image Description Your Image Description

ചൊവ്വാഗ്രഹത്തിൽ നിന്നും ഒരു അത്ഭുത ​ദൃശ്യം പകർത്തി ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ് നാസയുടെ പെഴ്സിവീയറൻസ് റോവർ. ചൊവ്വയിലെ പൊടിച്ചെകുത്താൻ കാറ്റ്, മറ്റൊരു ചെറിയ പൊടിച്ചെകുത്താനെ വിഴുങ്ങുന്ന ദൃശ്യമാണ് പെഴ്സിവീയറൻസ് റോവർ പകർത്തിയത്. 65 മീറ്ററോളം വിസ്തീർണമുള്ള ഒരു പൊടിച്ചെകുത്താൻ കാറ്റ്, അഞ്ചു മീറ്റർ വിസ്തീർണമുള്ള മറ്റൊരു പൊടിച്ചെകുത്താൻ കാറ്റിനെ ഉൾക്കൊള്ളുന്ന ​​ദൃശ്യമാണ് റോവറിലെ ക്യാമറ പകർത്തിയത്.

ഡേർട്ട് ഡെവിൾ, ഡസ്റ്റ് ഡെവിൾ തുടങ്ങിയ പേരുകളിലാണ് പൊടിച്ചെകുത്താൻ കാറ്റ് അറിയപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തിലുള്ള ചൂട് വായു പെട്ടെന്നുയർന്ന് തണുത്ത വായുവിന് മുകളിലെത്തുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. 18 ഇഞ്ച് വിസ്തീർണമുള്ള ചെറിയ കാറ്റുകൾ മുതൽ 30 അടി വിസ്തീർണമുള്ള വലിയ കാറ്റുകൾ വരെ ഈ വിഭാഗത്തിലുണ്ട്. ഭൂമിയിലടിക്കുന്ന പൊടിച്ചെകുത്താൻ കാറ്റുകൾ പൊതുവെ അത്ര പ്രശ്‌നക്കാരല്ല. ചുഴലിക്കാറ്റുകളുടെയത്ര തീവ്രത ഇവ നേടാറില്ല. ഭൂമിയിടേതിന് സമാനമായി ചൊവ്വയിലും ഇത്തരം പൊടിച്ചെകുത്താൻ കാറ്റുകൾ സാധാരണയാണ് എന്ന നി​ഗമനത്തിലാണ് ​ഗവേഷകർ.

ചൊവ്വയുടെ കാലാവസ്ഥാ ഘടനകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് പെഴ്‌സിവീയറൻസിന്‌റെ ഈ കണ്ടെത്തൽ. റോവറിന്‌റെ ക്യാമറയാണ് ദൃശ്യം പകർത്തിയത്.ജ്യോതിശ്ശാസ്ത്ര വിദഗ്ധരുടെ അഭിപ്രായപ്രകാരം പൊടിച്ചെകുത്താൻ കാറ്റുകൾ ചൊവ്വയുടെ ഉപരിതല ഘടനയിൽ നിർണായക സ്ഥാനം വഹിക്കുന്നുണ്ട്. ചൊവ്വയിലെ പൊടി പുനക്രമീകരിക്കുന്നത് ഈ കാറ്റാണ്. ഭൂമിയിലെ പൊടിച്ചെകുത്താൻ കാറ്റുകളേക്കാൾ വലുപ്പവും തീവ്രതയുമേറിയതാണ് ചൊവ്വയിലെ ഇത്തരം കാറ്റുകൾ.

2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി. ജെസീറോ ക്രേറ്റർ എന്ന ഗർത്തമേഖലയിലാണ് പെഴ്‌സിവീയറൻസ് സ്ഥിതി ചെയ്യുന്നത്. പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്.

ഗ്രഹത്തിന്‌റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ഗവേഷകർക്ക് പ്രതീക്ഷയുണ്ട്. ഇന്നും അതിന്‌റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്‌റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും.അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്‌റെ പ്രധാന ജോലി. അതിനായാണ് സാംപിളുകൾ ശേഖരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *