Your Image Description Your Image Description

കോൺഗ്രസിനേയും കേരളാ കോൺഗ്രസിനേയും താങ്ങി നിർത്തുന്നത് എന്നും മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളാണ്. യുഡിഎഫിലെ കോൺഗ്രസ് എംപിമാരെല്ലാം വഖഫ് ബില്ലിനെ എതിർത്തു. കേരളാ കോൺഗ്രസിലെ രണ്ടു പ്രധാന വിഭാഗങ്ങളും ക്രൈസ്തവ സഭയെ തള്ളുകയാണ് ഇവിടെ. ഈ രാഷ്ട്രീയ തീരുമാനം വരും തിരഞ്ഞെടുപ്പിൽ ആർക്ക് ഗുണം ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപി പ്രതീക്ഷയിലാണ്. എന്നാൽ ബില്ലിനെ സിപിഎമ്മും എതിർക്കുന്നു. പക്ഷേ കോൺഗ്രസിനോടുള്ള കെസിബിസിയുടെ പ്രതികാരം ചില കേന്ദ്രങ്ങളിലെങ്കിലും ഇടതിന് വോട്ടാകുമെന്ന ചിന്ത സിപിഎമ്മിനുണ്ട്. വഖഫിനെ കോൺഗ്രസ് എതിർത്തത് സമസ്തയുടേയും മുസ്ലീം സംഘടനകളുടേയും സമ്മർദ്ദഫലമാണെന്ന് കെസിബിസി വിലയിരുത്തുന്നുണ്ട്. ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കേരളാ കത്തോലിക്കാ മെത്രാൻ സമിതിയും കാത്തലിക് ബിഷ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയും പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ യു.ഡി.എഫ് ത്രിശങ്കുവിലായെന്നായിരുന്നു പ്രചാരണങ്ങൾ. എന്നാൽ കെ.സി.ബി.സി നിലപാട് തള്ളിയ കോൺഗ്രസ് നേതൃത്വം പാർലമെന്റിൽ ബില്ലിനെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു തീരുമാനം. ലോക്‌സഭയിൽ അത് പ്രതിഫലിക്കുകയും ചെയ്തു. സമസ്തയും പരസ്യ നിലപാട് എടുത്തു. ഇതിനൊപ്പം നിന്ന് കേന്ദ്ര സർക്കാരിനെ എതിർക്കുകയായിരുന്നു കോൺഗ്രസും. ബില്ലിനെ ശക്തമായി എതിർക്കാനും പാസാക്കിയാൽ സുപ്രിംകോടതിയിൽ ചോദ്യംചെയ്യാനും മുസ്്‌ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നുണ്ടെങ്കിലും അതിൽ പങ്കെടുക്കാതെ എം.പിമാർ സഭയിൽ ഹാജരാകുകയും ബില്ലിനെ എതിർക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബിൽ ലോക്‌സഭയിൽ ആദ്യം അവതരിപ്പിച്ചത്. തുടർന്ന് ജെ.പി.സിക്കു വിട്ടു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നിർദേശങ്ങൾ തള്ളി ഭരണപക്ഷം ബില്ലിൽ മാറ്റങ്ങൾ വരുത്തി. ഈ ബില്ലാണ് വീണ്ടും അവതരിപ്പിച്ചത്. കോൺഗ്രസ് എതിർത്തെങ്കിലും രണ്ടു സഭയിലും വഖഫ് ബിൽ പാസാകുമെന്ന് ഉറപ്പാണ്. മുസ്ലിം വോട്ടുകൾ കേരളത്തിലെ രാഷ്ട്രീയ അടിത്തറയുടെ ഭാഗമാണ്. മുസ്ലിം സംഘടനകൾ ബില്ലിനെ ശക്തമായി എതിർക്കുന്നതിനാൽ പാർട്ടികൾ വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കുന്നത് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് വിലയിരുത്തി. അങ്ങനെയാണ് കെസിബിസിയുടെ ആവശ്യം തള്ളിയത്. കേരളത്തിൽ ക്രൈസ്തവ വോട്ടുകൾ പരമ്പരാഗതമായി യുഡിഎഫ് കുത്തകയാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗം ഇടതിലെത്തിയപ്പോൾ ചെറിയ അടിയൊഴുക്കുകളുണ്ടായി. അപ്പോഴും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആ വോട്ടുകൾ കോൺഗ്രസിന് തിരിച്ചു പിടിക്കാനായി. കെസിബിസിയുടെ പരസ്യ നിലപാടിനെ വഖഫിൽ കോൺഗ്രസ് തള്ളുമ്പോൾ ആ വോട്ടുകൾ പിടിച്ചെടുക്കാനുള്ള പദ്ധതികൾ ബിജെപി മെനയുകായാണ്, കേരളത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഹിന്ദു എം.എൽഎമാർക്ക് മാത്രമേ അതിൽ വോട്ട് ചെയ്യാൻ അവകാശമുള്ളൂ. 1988ലെ ശ്രീ മാതാ വൈഷ്ണോ ദേവി ഷ്‌റൈൻ ആക്ട് പ്രകാരം ലെഫ്റ്റനന്റ് ഗവർണർ ആണ് ചെയർമാൻ. ഇനി ആ പദവിയിൽ ഹിന്ദു വിശ്വാസിയില്ലാത്ത ഒരാളാണെങ്കിൽ വിശ്വാസിയായ ഒരാളെ നിർദേശിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് വിവേചനമില്ല, മറിച്ച് വിശ്വാസങ്ങളോടുള്ള ബഹുമാനമാണ്. വസ്തുത ഇതായിരിക്കെ വഖഫ് സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് വിവേചനമാണ്. മുനമ്പം വിഷയത്തിൽ അവിടുത്തെ ജനങ്ങൾക്ക് നീതികിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് ഞങ്ങൾ പലതവണ ആവർത്തിച്ച വിഷയമാണ്. കെ.സി.ബി.സിയും സി.ബി.സി.ഐയും ഉന്നയിക്കുന്ന കാര്യങ്ങൾ ഗൗരവതരമാണെന്ന് ഇപ്പോഴെങ്കിലും മന്ത്രി അംഗീകരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകളെ കെ.സി.ബി.സി തന്നെ പലതവണ അപലപിച്ച കാര്യം അദ്ദേഹം മറന്നുവോയെന്ന് സംശയമുണ്ട്. രാജ്യത്തുടനീളം ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെയും, വിശ്വാസികൾക്കെതിരെയും അതിക്രമം നടക്കുമ്പോൾ അത് സഭയിൽ ഉന്നയിക്കാൻ പോലും അനുമതി നൽകാത്ത സർക്കാരാണിത്. രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം വർധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാർ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകൾ എത്തുന്നു. ഒരു വശത്ത് മുസ്ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യൻ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതർ സ്ത്രീകൾക്ക് വെള്ളം നൽകുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയർത്തിക്കാട്ടി കെ.സി വേണുഗോപാൽ പറഞ്ഞു. പക്ഷേ ഈ പ്രസ്താവന കൊണ്ടൊന്നും മുനമ്പത്തുകാർ തൃപ്തരല്ല. കോൺഗ്രസിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് അവർ. വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്റേയും ഡീൻ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് മാർച്ച് നടത്തി ബിജെപിയും രാഷ്ട്രീയ സന്ദേശം നൽകി കഴിഞ്ഞു. കൊച്ചി കലൂരുനിന്ന് ഹൈബി ഈഡന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്. ഇടുക്കിയിൽ ചെറുതോണിയിലുള്ള ഡീൻ കുര്യാക്കോസിന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്.

Leave a Reply

Your email address will not be published. Required fields are marked *