വലിയതുറ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികളുടെ മര്‍ദനത്തില്‍ മൂന്ന് സപ്ലൈകോ ജീവനക്കാര്‍ക്ക് പരിക്കേറ്റെന്ന പരാതിയില്‍ ഒരാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് വിദ്യാ ഗാര്‍ഡനില്‍ ഫൈസല്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐ.എന്‍.ടി.യു.സി തൊഴിലാളിയാണ്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 2.15 ഓടെയായിരുന്നു സംഭവം.
വലിയതുറ ഡിപ്പോ മാനേജര്‍ ബിജു, ഡിപ്പോ ജീവനക്കാരനായ സന്തോഷ്, പോത്തന്‍കോട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ വിഷ്ണുപ്രസാദ് എന്നവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റതായി പൊലീസില്‍ പരാതി നല്‍കിയത്. സംഭവദിവസം പോത്തന്‍കോട് സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ വിഷ്ണു കേടായ സാധനങ്ങള്‍ തിരികെ നല്കാന് എത്തിയതായിരുന്നു. 25 കിലോ ശര്‍ക്കരയും ഏതാനും വെളിച്ചെണ്ണ പായ്ക്കറ്റുകളുമായിരുന്നു തിരികെ എത്തിച്ചത്.കാറില്‍ എത്തിച്ച സാധനത്തിന് ഇറക്കുകൂലി നല്‍കാമെന്ന് പറഞ്ഞിട്ടും തൊഴിലാളികള്‍ തര്‍ക്കിച്ചു. തുടര്‍ന്ന് തിരികെ കാറില്‍ കയറാന്‍ ശ്രമിച്ച വിഷ്ണുവിനെ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നത്രെ. തടയാനെത്തിയപ്പോഴാണ് സന്തോഷിനും ബിജുവിനും മര്‍ദനമേറ്റത്. കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊർജിമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.