ബേസിൽ ജോസഫ് നായകനായി എത്തിയ പൊൻമാൻ ചിത്രം അടുത്തിടെയാണ് ഒടിടിയില്‍ വന്നത്. ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷം ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് പൊൻമാൻ ചിത്രത്തെക്കുറിച്ച് പറഞ്ഞ റിവ്യൂ ശ്രദ്ധേയമാകുകയാണ്.
“എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം. ബേസിൽ ജോസഫ് ഇന്ന് നമുക്കുള്ളതിൽ വെച്ച് ഏറ്റവും മികച്ച എവരിമാൻ ആക്ടറില്‍ ഒരാളാണ്. ഇഷ്ടപ്പെട്ടു” എന്നാണ് സംവിധായകൻ അനുരാഗ് കാശ്യപ് പൊന്‍മാന്‍ സംബന്ധിച്ച് എഴുതിയിരിക്കുന്നത്. മാര്‍ച്ച് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും ചിത്രം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രം ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. കന്നഡത്തില്‍ രണ്ടാമതും ഹിന്ദിയില്‍ നാലാമതുമാണ് ചിത്രം.