Your Image Description Your Image Description

വടക്കുപടിഞ്ഞാറൻ ചൈനയിലെ തണുത്തുറഞ്ഞ മഞ്ഞുമലകളിൽ 18കാരനായ യുവാവ് ഒറ്റപ്പെട്ടു പോയത് 10 ദിവസമാണ്. അതി കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച യുവാവിനെ രക്ഷപ്പെടുത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി എട്ടിനാണ് സൺ ലയാംഗ് എന്ന 18കാരൻ തനിച്ച് 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലകയറാനായി പോയത്. എന്നാൽ ആ യാത്രയിൽ പ്രവചിക്കാനാകാത്ത കാലാവസ്ഥയ്ക്കും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിക്കും പേരു കേട്ട പ്രദേശമായ ഷാങ്സി പ്രവിശ്യയിലെ ദൂരെയുള്ള ക്വിലിംഗ് പർവതനിരയിൽ കുടുങ്ങുകയായിരുന്നു. വൈവിധ്യം നിറഞ്ഞ നിരവധി സസ്യജാലങ്ങളും വന്യജീവികളും ഈ മലനിരകളിലുണ്ട്.

കൈവശമുണ്ടായിരുന്നു ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബാറ്ററി ചാർജ് നിലച്ചതോടെ ഫെബ്രുവരി പത്തോടു കൂടി തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി സൺ. കുടുംബവുമായുള്ള ബന്ധവും അതോടെ നിലച്ചു. സഹായത്തിന് വിളിക്കാൻ പോലും കഴിയാത്ത സാഹചര്യമായി. നദിയിലെ വെള്ളവും മഞ്ഞ് ഉരുകിയതും ടൂത്ത് പേസ്റ്റുമാണ് ഈ കാലയളവിൽ ജീവൻ നിലനിർത്താൻ സഹായിച്ചത്. ഒരു അരുവിയിൽ കൂടി താഴേക്ക് പോകുമ്പോൾ പലതവണ വീണു. ഇത് വലതു കൈ ഒടിയുന്നതിലേക്ക് നയിച്ചു. ഇതിനിടെ ശക്തമായ കാറ്റ് ആരംഭിച്ചു. അതിൽ നിന്ന് രക്ഷ നേടാൻ ഒരു വലിയ പാറയുടെ മറവിൽ ഉണങ്ങിയ ഇലകളും മറ്റും ഉപയോഗിച്ച് ഒരു താൽക്കാലിക കിടക്ക നിർമിച്ചു.

മകന്റെ വിവരമൊന്നും ഇല്ലാതായതോടെ, അവന്റെ സുരക്ഷയെക്കുറിച്ച് കുടുംബം കൂടുതൽ ആശങ്കാകുലരായി. തുടർന്ന് പ്രാദേശിക സുരക്ഷാ – തിരച്ചിൽ സംഘത്തെ വിവരം അറിയിക്കുകയും അവർ പ്രദേശത്ത് ശക്തമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഫെബ്രുവരി 17ന് തീ ഇടാൻ ശ്രമിക്കുന്നതിനിടയിൽ പുകയുടെ ഗന്ധം അനുഭവപ്പെട്ട സൺ സഹായത്തിനായി നിലവിളിച്ചു. ഈ നിലവിളി രക്ഷാപ്രവർത്തകരുടെ കാതുകളിലേക്ക് എത്തി. ഇതോടെ രക്ഷാപ്രവർത്തനത്തിന് തുടക്കമായി. ആവോ മലനിരകളെയും തായിബായി മലനിരകളെയും ബന്ധിപ്പിക്കുന്ന അത്യന്തം അപകടകരമായ പാതയായ ആവോ – തായി പാതയിലൂടെ ആയിരുന്നു സൺ ട്രെക്കിങ് നടത്തിയത്. പ്രവചനാതീതമായ കാലാവസ്ഥ കാരണം ചൈനയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാതകളിൽ ഒന്നായാണ് ഈ പാത കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി ഇവിടെ 50ലധികം ഹൈക്കർമാരെ കാണാതാകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്.

2018ൽ അധികാരികൾ ഈ പാതയിൽ കാൽനടയാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തി. നിയന്ത്രണം അവഗണിക്കുന്നവർക്ക് ശക്തമായ ശിക്ഷ നൽകുമെന്നും വ്യക്തമാക്കി. നിരോധനം നിലവിൽ ഉണ്ടെങ്കിൽ സാഹസികത തേടുന്ന സഞ്ചാരികൾക്ക് ഈ പാത ഒരു ഹരമാണ്. ചൈനയിലെ പ്രശസ്തമായ മൂന്ന് മഞ്ഞുമലകൾ ഇതിനകം കയറിയിട്ടുള്ള സൺ ഈ നിയന്ത്രണത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് പറയുന്നത്. ഏതായാലും തന്റെ അനുഭവത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ പർവതാരോഹകർക്ക് നിർദ്ദേശം നൽകാനും സൺ തയ്യാറായി. സംഭവത്തിനു ശേഷം തനിക്ക് ഭയം തോന്നുന്നെന്നും പർവതാരോഹകർ ഒരിക്കലും ഇവിടേക്ക് പോകരുതെന്നും സൺ പറഞ്ഞു. ‘ഈ പ്രദേശം കാൽനടയാത്രയ്ക്ക് ഒട്ടും അനുയോജ്യമല്ല. കാറ്റ് വളരെ ശക്തമായിരുന്നു. രണ്ട് ആൽപെൻസ്റ്റോക്സ് ഉണ്ടായിട്ടും ശക്തമായ കാറ്റിനെ തുടർന്ന് രണ്ട് കാലിൽ നേരെ നിൽക്കാൻ പോലും കഴിഞ്ഞില്ല. മഞ്ഞ് വളരെ കഠിനമായിരുന്നതിനാൽ കണ്ണ് തുറക്കാൻ കഴിഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ, ഈ പാതയിലൂടെ സഞ്ചരിക്കുന്നത് അതീവ ബുദ്ധിമുട്ടാണ്. മനോഹരമായ യാതൊരുവിധ കാഴ്ചകളുമില്ല. കൂടാതെ, കാലാവസ്ഥ വളരെ പെട്ടെന്ന് തന്നെ മാറുകയും ചെയ്യുന്നു. ആവോ – തായി ലൈൻ വഴി പോകാൻ ആഗ്രഹിക്കുന്ന എല്ലാ പർവതാരോഹകരോടും അവിടേക്ക് പോകരുതെന്ന് മാത്രമാണ് പറയാനുള്ളത്. കാരണം, ജീവിതം വിലമതിക്കാനാകാത്തതാണ്’ – സൺ സോഷ്യൽ മീഡിയ വഴി തനിക്ക് പറയാനുള്ളത് പങ്കുവെച്ചു.

മുപ്പതിലധികം രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 80,000 യുവാൻ അതായത് ഏകദേശം ഒമ്പതു ലക്ഷം രൂപ സണ്ണിന്റെ കുടുംബത്തിന് ചെലവായി. ഇത്തരം രക്ഷാപ്രവർത്തനങ്ങൾക്ക് പണം ഈടാക്കുന്നത് വഴി ഭാവിയിൽ ഇത്തരം സാഹസികയാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവരെ അതിൽ നിന്ന് തടയുമെന്ന് രക്ഷാസംഘത്തിലെ ഒരു അംഗം പറഞ്ഞു. ഈ പാതയിലൂടെ കാൽനടയാത്ര വളരെ അപകടം നിറഞ്ഞതാണ്. കരടി, കാട്ടുപന്നി പോലുള്ള വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായേക്കും. രക്ഷാപ്രവർത്തനത്തിനിടെ സംഘത്തിലെ ചിലർക്ക് പരുക്കേറ്റതായും ഇയാൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *