Your Image Description Your Image Description

ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിന് പിന്നാലെ കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ബോണസ് കുത്തനെ വര്‍ധിപ്പിച്ച് ഫേസ്‌ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ മെറ്റ എക്സിക്യൂട്ടീവുകൾക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 200 ശതമാനം വരെ ബോണസ് ലഭിക്കും. മുമ്പ് ഇത് 75% മാത്രമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ബോണസ് കുത്തനെ കൂട്ടിയത്. ഈ മാസമാണ് മെറ്റയുടെ ഡയറക്ടർ ബോർഡ് ബോണസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടത്.

മെറ്റയിലെ ഉന്നത എക്സിക്യൂട്ടീവുകളുടെ ശമ്പളം മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറവായിരുന്നുവെന്നും അതുകൊണ്ടാണ് കൂടുതൽ ശമ്പളം നൽകാൻ തീരുമാനിച്ചതെന്നും കമ്പനി പറഞ്ഞു. എന്നാൽ ഈ മാറ്റം മെറ്റ സിഇഒ ആയ മാർക്ക് സക്കർബർഗിന് ബാധകമാകില്ല. അതായത്, ഇപ്പോള്‍ മെറ്റ അധികൃതര്‍ വർധിപ്പിച്ച ബോണസിന്‍റെ ആനുകൂല്യം സക്കര്‍ബര്‍ഗിന് ലഭിക്കില്ല. മെറ്റ ആഗോള ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിട്ടിരിക്കുന്ന സമയത്ത് തന്നെയാണ് കമ്പനി എക്സിക്യൂട്ടീവുകളുടെ ബോണസ് വര്‍ധിപ്പിക്കാനുള്ള വിവാദ തീരുമാനവും എടുത്തിരിക്കുന്നത്.

ജീവനക്കാരിൽ 5 ശതമാനം പേരെ പിരിച്ചുവിടുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഏകദേശം 3,600 ജീവനക്കാരെയാണ് “കുറഞ്ഞ പ്രകടനം” എന്ന കാരണം ചൂണ്ടിക്കാട്ടി മെറ്റ പിരിച്ചുവിടുന്നത്. ഇതിന് പുറമെ, ജീവനക്കാർക്ക് നൽകിയിരുന്ന സ്റ്റോക്ക് ഓപ്ഷനുകള്‍ 10 ശതമാനവും കുറച്ചു. ഇത് അവരുടെ ഭാവി വരുമാനത്തെ ബാധിക്കും. ഒരുവശത്ത് പിരിച്ചുവിടലും മറുവശത്ത് കമ്പനിയിലെ ഉന്നതര്‍ക്ക് ബോണസ് കൂട്ടി നല്‍കുന്നതുമായ മെറ്റയുടെ നടപടി എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *