Your Image Description Your Image Description

ആരുടെയൊക്കെയോ കയ്യിലെ പാവകളായി ആശ വർക്കർമാർ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്നുണ്ട്. തങ്ങളുടെ കഴിഞ്ഞ കാലം അറിയാത്തതാണോ അതോ മറന്നതാണോ എന്നറിയില്ല. ഇത്തരത്തിൽ അവർ നടത്തുന്ന പാവക്കളിക്ക് മുൻപിൽ കോൺഗ്രസിന്റെ ശക്തമായ മുതലെടുപ്പ് തന്നെയുണ്ട്.

ആശാവർക്കർമാർ വെറും ആയിരം രൂപ മാത്രം മാസവേതനം വാങ്ങിയിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ യു.ഡി.എഫ് സർക്കാർ ഭരിച്ചിരുന്നപ്പോഴാണ് ആശമാർ ഇത്തരത്തിൽ കടുത്ത നിരാശ നേരിട്ടത്. അന്നൊക്കെ, റിവ്യൂ മീറ്റിങ്ങിൽ പങ്കെടുക്കാതിരുന്നാൽ ആ മാസത്തെ ഓണറേറിയം ലഭിക്കാത്ത അവസ്ഥയായിരുന്നു .
ഇപ്പോഴത്തെ പ്രശ്നം ഉയർന്നുവന്നപ്പോൾ, 2015ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നടത്തിയ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ അദ്ദേഹം പറയുന്നത്, ആശാവർക്കർമാർക്ക് ആയിരം രൂപ മാത്രമെ നൽകാൻ തൻറെ സർക്കാരിന് കഴിഞ്ഞുള്ളു, അതിൽ കൂടുതൽ നൽകണമെന്ന് ആഗ്രഹമുണ്ടത്രേ . അന്ന് വേതനവർദ്ധനവ് ആവശ്യപ്പെട്ട് ആശപ്രവർത്തകർ നടത്തിയ സമരത്തിൻറെ വീഡിയോയൊക്കെ ഇപ്പോൾ വൈറലാകുന്നുണ്ട്. ഇവരെ കുതിയിലാക്കി വിടുന്ന കോൺഗ്രെസ്സുകാർ ഇടയ്ക്കെങ്കിലും അതൊക്കെ ഒന്നെടുത്തു നോക്കുന്നത് നല്ലതാ.
2014ൽ ഉമ്മൻചാണ്ടി ഭരണത്തിൽ നൽകിയിരുന്ന 500 രൂപ ആയിരമാക്കി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ പങ്കെടുക്കാതെ കരിങ്കാലിപ്പണിയെടുത്ത് സമരം പൊളിക്കാൻ നടന്ന യുഡിഎഫ് അനുകൂല ആശാവർക്കർമാരാണ് പിണറായി സർക്കാർ നൽകുന്ന 13500 രൂപ പോരെന്ന് പറഞ്ഞ് ഇപ്പോൾ രാഷ്ട്രീയ സമരനാടകം നടത്തുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം.

2023-24ൽ ആശാവർക്കർമാർക്ക് നൽകുന്ന വേതനത്തിൽ 100 കോടി രൂപയാണ് കേന്ദ്ര കുടിശിക. ഇതൊക്കെ എല്ലാവരും മറന്ന മട്ടാണ്.
2005ലാണ് അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവാ ആശ എന്ന സ്കീം, കേന്ദ്രസർക്കാരിൻ്റെ നാഷണൽ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ ആരംഭിച്ചത്. ആശമാരെ തൊഴിലാളികളായല്ല, മറിച്ച് സന്നദ്ധപ്രവർത്തകരായാണ് കേന്ദ്രം നിർവചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവർക്കുള്ള വേതനം ഓണറേറിയം ആയാണ് നൽകുന്നത്. ന്യായമായ ശമ്പളമോ മിനിമം വേതനമോ നൽകാതെ ഇത്തരമൊരു സ്കീം ആവിഷ്ക്കരിച്ചത് മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്താണെന്ന കാര്യവും കോൺഗ്രസുകാർ സൌകര്യപൂർവം മറക്കുന്നതാണോ?
ഇനി മറ്റൊന്ന് കൂടി കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൊണ്ടുവന്ന ആശ പദ്ധതി നടപ്പാക്കാൻ അന്ന് കേരളം ഭരിച്ച യു.ഡി.എഫ് തയ്യാറായിരുന്നില്ല. 2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കിയത്. 2007ൽ ആദ്യഘട്ടം എന്ന നിലയിൽ 25.000 ആശമാരെ തെരഞ്ഞടുത്തു. ആദ്യം പഞ്ചായത്തുകളിൽ നിയമിച്ച ഇവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്.

എന്നാൽ ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ ആശമാരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിപ്പിച്ചു. ഇവർക്ക് ചെയ്യുന്ന ജോലിക്ക് ഇൻസെൻറീവ് ലഭിക്കുന്നതുപോലും ഒന്നരവർഷത്തിന് ശേഷമായിരുന്നു. അതും പാർലമെൻറിന് മുന്നിൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയ സമരത്തിനുശേഷം.

കേന്ദ്ര സർക്കാർ 461 കോടി രൂപ കുടിശിക വരുത്തിയിട്ടും സംസ്ഥാന ഖജനാവിൽനിന്ന് ആശമാരുടെ ഇൻസെൻറീവ് ഒരുവർഷത്തോളം മുടങ്ങാതെ രണ്ടാം പിണറായി സർക്കാർ നൽകി. അതിനിടെ ആശമാരുടെ ആശകിരണം എന്ന ഇൻഷുറൻസ് പദ്ധതി കേന്ദ്രം റദ്ദാക്കി. ഇതിനെതിരെ ശബ്ദമുയർത്താൻ സിഐടിയു അല്ലാതെ ഒരു സംഘടനയും ഉണ്ടായിരുന്നില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടപ്പോഴും ആശമാരുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.

കോൺഗ്രസും ബിജെപിയും അവതരിപ്പിച്ച കഴിഞ്ഞ 16 കേന്ദ്ര ബജറ്റുകളിലും ആശമാരുടെ വേതനം വർദ്ധിപ്പിച്ചിട്ടില്ലെന്ന കാര്യം പ്രതിപക്ഷം മറന്നതാവാനാണ് സാധ്യത. ആശമാരുടെ ഓണറേറിയം 7000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണെന്ന കാര്യവും ഇവർ മറക്കുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് ഓണറേറിയം വർദ്ധിപ്പിക്കാനായി രണ്ടുതവണയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ സമരം നടത്തിയതെന്ന കാര്യവും സൌകര്യപൂർവം വിസ്മരിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ പ്രിയപ്പെട്ട ആശാ വർക്കേഴ്സ്, ഇടയ്ക്കൊക്കെ ഇതൊക്കെ ഒന്ന് മനസിലാക്കുന്നത് നല്ലതാ. അല്ലേൽ ഇപ്പൊ പുറകിൽ നിന്ന് തള്ളി വിടുന്നവരൊന്നും ഒരു ആപത്തു വരുമ്പോ കൂടെ കാണില്ല. കാലം ഇനിയും ഉരുളും. വിഷു വരും, തിരുവോണവും വരും. അപ്പോഴും നിങ്ങൾക്കു വേണ്ടി നിലകൊള്ളാൻ എൽ ഡി എഫ് സർക്കാർ മാത്രമേ ഉണ്ടാവു. അത് മറക്കണ്ട.

Leave a Reply

Your email address will not be published. Required fields are marked *