Your Image Description Your Image Description

മലയാളിയായ ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി റീമേക്കായ ‘മിസിസ്’ ഏറെ ശ്രദ്ധ നേടിയിരുന്നു. സന്യ മൽഹോത്ര നായികയായ ചിത്രം നേരിട്ട് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി. ചിത്രത്തെ വിമർശിച്ച് പുരുഷാവകാശ സംഘടനയായ ദി സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണെന്നും പച്ചക്കറി അരിയുമ്പോൾ സ്ത്രീകൾ എന്ത് സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ ചോദിക്കുന്നു.

‘ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തെ പറ്റിയുള്ള നയങ്ങളിൽ 80 ശതമാനവും സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. സ്ത്രീകൾ കഷ്ടപ്പെടുന്നു, കുട്ടികൾക്ക് കുടുംബത്തിൽനിന്ന് ഒരു പീഡനവും ഏൽക്കുന്നില്ല. സ്ത്രീകൾ കഷ്ടപ്പെടുന്നു, പുരുഷൻമാർ ഒരു കുറ്റകൃത്യവും നേരിടുന്നില്ല. സ്ത്രീകൾ കഷ്ടപ്പെടുന്നു, മുതിർന്ന പൗരൻമാർ ഒരു അധിക്ഷേപവും നേരിടുന്നില്ല. സ്ത്രീകൾ കഷ്ടപ്പെടുന്നു, ശാരീരികവും മാനസികവുമായ പ്രശ്‌നമുള്ളവർക്ക് ഒരു കഷ്ടപ്പാടുമില്ല.’-സംഘടന പരിഹസിക്കുന്നു.

പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും കയ്യുറ ഉപയോഗിച്ച് പാത്രം കഴുകുന്നതിലും സ്ത്രീകൾക്ക് എന്താണ് പ്രശ്‌നമെന്നും സത്യത്തിൽ പാചകം ഒരു ധ്യാനമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇതിന് താഴെ നിരവധി പേരാണ് വിമർശനവുമായെത്തിയത്. സംഘടനയിലുള്ളവർ ഒരാഴ്ച്ചയെങ്കിലും അടുക്കള പണി ചെയ്യണമെന്നും അതിൽ സന്തോഷം കണ്ടെത്തുമെങ്കിൽ അത് തുടരണമെന്നും ഒരാൾ കമന്റ് ചെയ്തു. ഒരു വിഭാഗം പുരുഷൻമാരെ ഈ സിനിമ പ്രകോപിപ്പിക്കും എന്നത് ഉറപ്പാണെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

സംഘടനയെ അനുകൂലിച്ചും ചിലർ പ്രതികരിച്ചിട്ടുണ്ട്. വിവാഹം എന്നാൽ പുരുഷൻമാർക്ക് കുഴിബോംബിൽ ചവിട്ടുന്നത് പോലെയാണെന്നും മരണമാണ് നല്ലതെന്ന് തോന്നുന്നത് വരെ ഒഴിഞ്ഞുമാറാനാവില്ലെന്നുമാണ് ഒരാൾ കുറിച്ചത്. വർഷങ്ങളായി പുരുഷൻമാർ ദുരിതം അനുഭവിക്കുകയാണെന്നും നാം സ്വയം സംരക്ഷിക്കേണ്ട സമയമായെന്നും മറ്റൊരാൾ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *