Your Image Description Your Image Description

സീറോ മലബാർ സഭയിൽ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി തര്‍ക്കം എല്ലാ അതിര്‍ത്തികളും ലംഘിക്കുന്ന കാഴ്ചയാണ് ക്രൈസ്തവ സമൂഹം മാത്രമല്ല , പൊതു സമൂഹവും കണ്ടുകൊണ്ടിരിക്കുന്നത് . സഭയുടെ തലവനെതിരെ പരസ്യ പ്രക്ഷോഭവും പോര്‍വിളികളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അതിപ്പോൾ സാധാരണ വിശ്വാസികൾക്ക് ദൈനംദിന കാഴ്ചയായി മാറി .

സഭാധ്യക്ഷനെ അനുസരിച്ച് കൊള്ളാമെന്ന് പ്രതിജ്ഞ എടുത്ത വൈദികര്‍ അദ്ദേഹത്തിനെതിരെ പരസ്യ നിലപാടുകളും പ്രസ്താവനകളും ഇറക്കുന്നു. പൊതു ഇടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വൈദികർ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തുന്നു . ചിലയിടങ്ങളില്‍ കയ്യാങ്കളി വരെ നടക്കുന്നു .

വിശുദ്ധ കുര്‍ബാനയ്ക്കിടെ പള്ളിക്കുള്ളില്‍ വരെ സംഘര്‍ഷം നടന്നു. വിശുദ്ധ കുർബാന തടസ്സപ്പെടുത്തി, കാർമ്മികനായ വൈദീകനെ ചുമന്നുകൊണ്ട് പോകുന്നത് ലൈവായി ലോകം മുഴുവനും കണ്ടു. വൈദികരോടൊപ്പം വിശ്വാസികളും പക്ഷം പിടിച്ചതോടെ യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം പോലെ മറ്റൊരു പോരാട്ടത്തിന് വേദിയാകുമോയെന്നാണ് ക്രൈസ്തവ സമൂഹം ഉറ്റുനോക്കുന്നത് .

സിറോമലബാര്‍ സഭയിലെ പ്രധാന രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയാണ് പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു. എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായ മേജർ ആർച്ച് ബിഷപ്പാണ് സിറോമലബാര്‍ സഭയുടെ തലവൻ.

കുർബാന തർക്കത്തെത്തുടർന്ന് അതിരൂപതയിലെ പല പള്ളികളിലും പരസ്യമായ വിഴുപ്പലക്കലാണ് നടക്കുന്നത് . ആദ്യമൊക്കെ മേജര്‍ ആര്‍ച്ച് ബിഷപ്പും സഭാ തലവനുമായ കര്‍ദിനാൾ മാർ ആലഞ്ചേരിയ്‌ക്കെതിരെയുള്ള പടയൊരുക്കമായാണ് പുറത്തേക്കെത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള മെത്രാന്‍ കൂടിയായ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം തുടങ്ങിയത് . സാധാരണ ഗതിയില്‍ അതിരൂപതാ നേതൃത്വത്തിനിടയില്‍ മാത്രം അറിയേണ്ടിയിരുന്ന ഒരു വിഷയമായിരുന്നു അത്. അങ്ങേയറ്റം പോയാല്‍ ഒരു സിവില്‍ കേസില്‍ ഒതുങ്ങുമായിരുന്ന വിഷയം . ഒടുവിൽ സഭാധ്യക്ഷന്‍ കോടതിയില്‍ വിചാരണ നേരിടേണ്ടി വന്നുവെന്ന് മാത്രമല്ല രാജിവയ്‌ക്കേണ്ടിയും വന്നു .

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റതാണ് വിവാദത്തിനിടയാക്കിയത്. അഞ്ച് സ്ഥലങ്ങളിലായുള്ള ഭൂമി 27 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് പറയുന്നത്. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വില 13 കോടി രൂപ.

സഭാ അധികൃതരുടെ കൈയില്‍ കിട്ടിയതാകട്ടെ 9 കോടി രൂപ മാത്രം. മുഴുവന്‍ പണം നല്‍കുന്നതുവരെ ഈടായി രണ്ട് സ്ഥലങ്ങള്‍ ഇടപാടുകാരന്‍ അതിരൂപതയ്ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കി. രജിസ്‌ട്രേഷനായി 10 കോടി രൂപയോളം രൂപതയ്ക്ക് വീണ്ടും മുടക്കേണ്ടി വന്നു. ഇതിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണമുയർന്നത് .

അതിരൂപതയുടെ സ്ഥലം ഉപയോഗിച്ച് കര്‍ദിനാള്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാട് നടത്തിയെന്നും രൂപതയ്ക്ക് വന്‍ നഷ്ടം വരുത്തിയെന്നുമാണ് കര്‍ദിനാളിനെ എതിര്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ പറയുന്നത്. അതിരൂപതയെ നശിപ്പിക്കുകയാണ് കര്‍ദിനാള്‍ ചെയ്യുന്നതെന്നും രാജിവെച്ച് നിയമ നടപടി സ്വീകരിക്കണമെന്നുമാണ് അവരന്നുന്നയിച്ച ആവശ്യം.

ഇതിനായി പല പ്രതിഷേധ സമരം വരെ അവര്‍ നടത്തി. വൈദികരുടെ പിന്തുണയോടെ വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടനകള്‍ രൂപവത്ക്കരിച്ച് കര്‍ദിനാളിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു.

അതിരൂപതയുടെ വിവിധ കാനോനിക സമിതികളുമായോ മെത്രാന്മാരുമായോ ആലോചിക്കാതെ കര്‍ദിനാളും ചില അടുപ്പക്കാരും ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഭൂമി കച്ചവടമെന്നും അതില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അതു കൊണ്ട് കര്‍ദിനാളിനെതിരെ നടപടി വേണമെന്നുമാണ് അവര്‍ പറഞ്ഞത്. കര്‍ദിനാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടു.

എന്നാല്‍ സഭയുടെ പരമോന്നത സമിതിയായ മെത്രാന്‍ സിനഡ് കര്‍ദിനാളിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഭൂമി ഇടപാടിലുണ്ടായ വീഴ്ചയില്‍ കര്‍ദിനാളിനെ മാത്രം കുറ്റപ്പെടുത്താനാവില്ലന്ന് സിനഡ് വിലയിരുത്തി. അതിരൂപതാ ആലോചന സമിതികളിലും സഹായ മെത്രാന്മാരോടും ഭൂമി വില്‍പന വിഷയം കൂടിയാലോചിച്ചിരുന്നുവെന്നും ഇവരുടെ അനുമതിയോടെയാണ് സ്ഥലവില്‍പനയെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനഡ് വിലയിരുത്തിയത്.

ഭൂമി ഇടപാടില്‍ വീഴ്ച പറ്റിയെങ്കിലും ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു സിനഡ് വ്യക്തമാക്കിയത്. അതു കൊണ്ട് കര്‍ദിനാളിനെ ക്രൂശിക്കാനാകില്ലന്നും സിനഡ് പറഞ്ഞു . ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ചെയ്തതെല്ലാം നിയമപരമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്തത്. എന്നാല്‍ എങ്ങനേയും കര്‍ദിനാള്‍ പുറത്ത് പോയെ പറ്റു എന്ന ഉറച്ച നിലപാടിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരും ചില അൽമായ നേതാക്കളും .

സിനഡിനെ വിമത വൈദികരും സഹായ മെത്രാന്മാരും അംഗീകരിക്കാതായതോടെ സിറോ മലബാര്‍ സഭാനേതൃത്വം ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായ മാര്‍പാപ്പയുടെ സഹായം തേടി . സ്ഥലം ഇടപാടില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് കര്‍ദിനാളും സമ്മതിച്ചു.

പുറമെ നിന്നുള്ള രണ്ട് അന്വേഷണ കമ്മീഷനെ വത്തിക്കാന്‍ നിയമിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച വത്തിക്കാന്‍ സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. അങ്ങനെ വിഭാഗീയത രൂക്ഷമായതോടെ ,വത്തിക്കാന്‍, അരമന വിപ്ലവത്തിന് കോപ്പു കൂട്ടിയ രണ്ട് സഹായ മെത്രാന്മാരെ രൂപതാ ഭരണത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അതിരൂപതയുടെ ഭരണം അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററെ ഏല്‍പ്പിക്കുകയും ചെയ്തു .

സിറോ മലബാര്‍ സഭയില്‍ ആദ്യമായാണ് രണ്ട് മെത്രാന്മാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തായിരുന്നു അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ ആര്‍ച്ച് ബിഷപ്പായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടര്‍ന്നെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്കായിരുന്നു. സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഡ്മിനിസ്ട്രേറ്ററെ വത്തിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

മൂന്നാം ഭാഗം അടുത്ത ദിവസം

Leave a Reply

Your email address will not be published. Required fields are marked *