Your Image Description Your Image Description

ഇന്ത്യയുടെ അഭിമാനമാണ് ഉത്തർപ്രദേശിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ. ലോകത്തിലെ ഏറ്റവും മനോഹരമായ നിർമിതികളിലൊന്നായ താജ് മഹൽ കാണാൻ ദിവസേന പതിനായിരങ്ങളാണെത്തുന്നത്.

വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രവിന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ 1631 ൽ തന്റെ 14-ആമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നൽകുന്നതിനിടയിൽ മരിച്ചു . ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു.

പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലായി . മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് ചരിത്രകാരന്മാർ പറയുന്നു . താജ് മഹലിന്റെ പണികൾ മുംതാസിന്റെ മരണത്തിനു ശേഷം തന്നെ തുടങ്ങി .

1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും അഞ്ച് വർഷങ്ങൾ കൊണ്ടാണ് പണിതീർന്നത്. 1983- ൽ യുനെസ്കോയുടെ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ താജ് മഹലിനെ ഉൾപെടുത്തി.

താജ് മഹലിന് അധികമാർക്കുമറിയാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. താജ് മഹലിന് മുകളിൽ കൂടി ഒരു വിമാനവും പറക്കില്ല. സ്വകാര്യ, കൊമേഴ്സ്യൽ വിമാനങ്ങൾക്കെല്ലാം ഈ വിലക്ക് ബാധകമാണ്.

താജ് മഹൽ നോ ഫ്ളൈ സോൺ ആണന്നതാണ് ഇതിന് കാരണം. 2006 ലാണ് കേന്ദ്ര സർക്കാർ താജ് മഹലിനെ നോ ഫ്ളൈ സോൺ ആയി പ്രഖ്യാപിച്ചത്. താജ് മഹലിന്റെ ഏഴര കിലോമീറ്റർ ചുറ്റളവിൽ വിമാനം പറത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

അപകടങ്ങൾ ഒഴിവാക്കാനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നിരോധനം ഏർപ്പെടുത്തിയത്. താജ് മഹലിന് മുകളിലായി വിമാനം പറത്തുന്നത് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കാമെന്നും വിലയിരുത്തലുണ്ട്.

പുരാവസ്തു ഗവേഷകരുടെയും താജ് മഹൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചായിരുന്നു കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. എന്നിരുന്നാലും ചില അവസരങ്ങളിൽ ഡ്രോണുകളും മറ്റും താജ് മഹലിന് മുകളിലൂടെ പറക്കുന്നത് ആശങ്കയുണ്ടാക്കാറുണ്ട്.

2022 ൽ താജ് മഹലിന് മുകളിലായി ഒരു വിമാനം പറന്നത് ഏറെ ആശങ്കയുയർത്തിയിരുന്നു. ഇതിന് പിന്നാലെ വിലക്ക് കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പുരാവസ്തു ഗവേഷകർ രംഗത്തെത്തുകയും ചെയ്തു. അങ്ങനെ ഇപ്പോൾ ആ വിലക്ക് ശക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *