Your Image Description Your Image Description

കാരണമെന്തെന്ന് അറിയാത്ത ഭയം, വീർപ്പുമുട്ടിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാകാം. അത് ഒരു പക്ഷെ എന്തെങ്കിലും കണ്ടതു കൊണ്ടുള്ള ഭയമോ ആരെയെങ്കിലും പേടിച്ചിട്ടോ ആയിരിക്കണമെന്നില്ല. മസ്തിഷ്കത്തിൽ ഇത്തരത്തിൽ അകാരണമായി മുഴങ്ങുന്ന സൈറൺ ആണ് പാനിക് അറ്റാക്. അഞ്ച് മുതൽ 20 മിനിറ്റ് വരെ പാനിക് അറ്റാക്കിന്റെ ദൈർഘ്യം നീളാം. എന്നാൽ അവയുടെ ലക്ഷണങ്ങൾ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നമ്മളിൽ പലർക്കും പാനിക് അറ്റാക്ക് വന്നുപോയിട്ടുണ്ടാകാം. എന്നാൽ പലപ്പോഴും നമ്മൾ അത് തിരിച്ചറിയാതെ പോകുന്നു.

മാനസികാരോ​ഗ്യ അവസ്ഥയായ പാനിക് ഡിസോർഡറിന്റെ ഒരു ലക്ഷണമാണ് പാനിക് അറ്റാക്. ഒരു വ്യക്തിയിൽ നിരന്തരം പാനിക് അറ്റാക് ഉണ്ടാകുന്നുവെങ്കിൽ അയാൾക്ക് പാനിക് ഡിസോർഡർ ഉണ്ടാണ്ടെന്ന് മനസിലാക്കാം. ലോകത്ത് 75 പേരില്‍ ഒരാള്‍ക്ക് വീതം പാനിക് ഡിസോര്‍ഡര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കല്‍ സൈക്കോളജിക്കല്‍ അസോസിയഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. ജനിതകമായ ഘടകങ്ങൾ, ബാല്യകാലത്തെ മോശം അനുഭവങ്ങൾ, തലച്ചോറിലെ രാസ അസന്തുലിതാവസ്ഥ എന്നിവയാണ് പാനിക് ഡിസോർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ. പാനിക് ഡിസോർഡർ ഉള്ളവർക്ക് പുറമെ ഫോബിയ പോലുള്ള മാനസികാവസ്ഥ ഉള്ളവരിലും സാമൂഹിക ഉത്കണ്ഠ ഉള്ളവരിലും വേർപിരിയൽ ഉത്കണ്ഠ ഉള്ളവരിലും പാനിക് അറ്റാക് ഉണ്ടാകാറുണ്ട്.

നെഞ്ചിടിപ്പ് പെട്ടെന്ന് വര്‍ധിക്കുക, ശ്വാസം മുട്ടുന്ന പോലുള്ള തോന്നല്‍, പെട്ടെന്ന് വിയര്‍ക്കുക, വിറയൽ, നെഞ്ചില്‍ അമിതഭാരം, തലയിലെ ഭാരക്കുറവ്, വീണുപോകുമെന്ന തോന്നല്‍, സമനില തെറ്റുമെന്നോ മരിച്ചു പോകുമെന്നോ ഉള്ള തോന്നല്‍, മരവിപ്പ്, യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നു പോകുന്നതായി തോന്നുക, ഓക്കനം തുടങ്ങിയവയാണ് പാനിക് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍. ഈ അവസ്ഥ സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല. പാനിക് അറ്റാക് നിരന്തരം വരുന്ന സാഹചര്യത്തില്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതം. റിലാക്സേഷന്‍ ട്രെയിനിങ്ങിലൂടെയും തെറാപ്പിയിലൂടെയും മരുന്നു കഴിക്കുന്നതിലൂടെയും രോഗാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാനാകും. പാനിക് ഡിസോര്‍ഡര്‍ ഉള്ളവര്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പുകവലി, മദ്യം, മധുര പാനീയങ്ങള്‍ എന്നിവ പരിമിധപ്പെടുത്തുന്നത് പാനിക്ക് അറ്റാക് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. പാനിക് ഡിസോർഡറിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്ന് വയ്ക്കാതെ ഉടൻ വൈദ്യ ചെകിത്സ തേടാൻ ശ്രമിക്കുന്നതാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *