Your Image Description Your Image Description

മനാമ: രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി നൽകാൻ നിർദേശം. ജലീല അൽ സൈദ് അധ്യക്ഷയായ പാർലമെന്‍റ് സേവന സമിതിയുടെ മുമ്പാകെ എം.പി ജലാൽ കാദം അൽ മഹ്ഫൂദാണ് പിതൃത്വ അവധി നിർദേശവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ചർച്ചക്കും വോട്ടിനുമിടും. രാജ്യത്ത് 2010ലെ സിവിൽ സർവീസ് നിയമ പ്രകാരം ജീവനക്കാർക്ക് ആദ്യ വിവാഹത്തിന് മൂന്ന് ദിവസത്തെ അവധി അനുവദിക്കുന്നുണ്ട്. നാലാം തലമുറ വരെയുള്ള ബന്ധുക്കളുടെയും രണ്ടാം തലമുറവരെയുള്ള പങ്കാളിയുടെ ബന്ധുക്കളുടെ മരണത്തിനും ജീവനക്കാർക്ക് അവധിയെടുക്കാം. എന്നാൽ പുരുഷ ജീവനക്കാർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹര ദിനമായ കുട്ടിയുടെ ജന്മദിവസം ഒരു അവധി മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂവെന്ന് എം.പി ജലാൽ കാദം അൽ മഹ്ഫൂദ് നിർദേശത്തിൽ സൂചിപ്പിച്ചു.

പ്രസവ തീയതി മുതൽ സ്ത്രീകൾക്ക് രണ്ട് മാസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്. കഴിഞ്ഞ വർഷം സൗദി അറേബ്യ മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ആ നിയമം കൊണ്ടുവന്ന ആദ്യ ജി.സി.സി രാജ്യവും സൗദിയാണ്. മറ്റു എല്ലാ ജി.സി.സി രാജ്യങ്ങളിലും ഒരു ദിവസത്തെ അവധിയാണുള്ളത്. അത് വാരാന്ത്യത്തിലോ പൊതു അവധി ദിവസങ്ങളിലോ ആയാൽ മറ്റൊരു പ്രവർത്തി ദിനം അവധി അനുവദിക്കും. ഇവിടെ പുരുഷ തൊഴിലാളികൾക്ക് കൂടുതൽ നീതി ഉറപ്പാക്കാൻ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നും പ്രത്യേകിച്ച് അയാൾ ഒരു പിതാവാകുമ്പോൾ അദ്ദേഹത്തിന് വേണ്ട പരിഗണന നൽകണമെന്നും നിർദേശത്തിൽ എം.പി പറഞ്ഞു.

അവധി ഒരു ദിവസം മാത്രം നൽകിയാൽ മതിയാവില്ല എന്നും അവർ ഭാര്യമാരുടെ പ്രസവ സമയം ജോലി സ്ഥലത്തല്ല മറിച്ച് അവരുടെ കൂടെ ആശുപത്രിയിലാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നടപ്പാക്കുന്നതിലൂടെ തൊഴിലുടമകൾക്കാണ് പ്രയോജനം. പ്രസവ സമയം പുരുഷന്മാർ ജോലിയിൽ വ്യാപൃതരാവുന്നത് ശരിയായ മാനസികാവസ്ഥയിലായിരിക്കില്ല. ആ സമയം ആശങ്കകളില്ലാതിരിക്കാൻ അവരെ അവധിയിൽ വിടുന്നതാണ് ഉചിതമെന്നും എം.പി പരാമർശിച്ചു.പദ്ധതി നടപ്പാക്കിയ സൗദി‍യിൽ ഇതുവരെ അവധി നൽകിയതിനാൽ തൊഴിൽ തടസ്സങ്ങളൊന്നും നേരിട്ടിട്ടില്ല. കഴിഞ്ഞ മാസം വരെ തൊഴിലുടമകളാരും അത്തരത്തിൽ പരാതികളുമായി മുന്നോട്ടു വന്നിട്ടുമില്ല. അതിനാൽ സർക്കാർ ജീവനക്കാർക്ക് കൂടുതൽ അവകാശങ്ങൾ അനുവദിച്ച് സൗദിയെപ്പോലെ നമ്മളും നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഇത് തുല്യ അവകാശങ്ങളാ‍യി കണക്കാക്കേണ്ടതില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ പറഞ്ഞു. ശമ്പളത്തോടു കൂടിയുള്ള കൂടുതൽ അവധികൾ അനുവദിക്കുന്നത് ജോലിയെ ബാധിക്കുമെന്നും ജനങ്ങൾക്ക് നല്ല രീതിയിൽ സേവനങ്ങൾ നൽകാൻ കഴിയില്ലെന്നും, സ്ത്രീകൾക്ക് ദീർഘകാലത്തെ അവധി നൽകുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും പുരുഷന്മാർക്ക് ഒന്നിൽ കൂടുതൽ ദിവസം അവധി ആവശ്യമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുകയുണ്ടായി. നിലവിലെ നിയമം തന്നെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. ആവശ്യമില്ലാതെ അവധി നൽകി ജോലിയേയും സേവനങ്ങളേയും തടസ്സപ്പെടുത്തേണ്ടതില്ല. പുരുഷ ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും ശമ്പളത്തോടു കൂടിയുള്ള ഒരു അവധി എടുക്കാം, അത്യാവശ്യമെങ്കിൽ വാർഷിക ക്വാട്ടയിൽ നിന്ന് അവധിക്കായി അപേക്ഷിക്കുകയും ചെയ്യാമെന്ന് കമ്മീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *