Your Image Description Your Image Description

തൃശൂര്‍: പോട്ടയിലെ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍.ചാലക്കുടി സ്വദേശിയായ റിജോ ആന്റണിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് ബാങ്കില്‍ നിന്ന് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

ഹെല്‍മെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കില്‍ എത്തിയത്. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്‌റൂമില്‍ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടര്‍ അടിച്ചു തകര്‍ത്തതിന് പിന്നാലെയാണ് പണം കവര്‍ന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചന ഇതോടെ പൊലീസിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *