Your Image Description Your Image Description

റിയാദ്: സൗദി അറേബ്യയില്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിവില്‍ സ്റ്റാറ്റസ് ഏജന്‍സി സൂപ്പര്‍വൈസര്‍ മേജര്‍ ജനറല്‍ സാലിഹ് അല്‍ മുറബ്ബയാണ് അബ്ഷര്‍ പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ച പുതിയ സേവനങ്ങളെപ്പറ്റി വ്യക്തമാക്കിയത്. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചതെന്ന് സാലിഹ് അല്‍ മുറബ്ബ പറഞ്ഞു.

നശിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ കുടുംബ രജിസ്റ്റര്‍ മാറ്റിസ്ഥാപിക്കുക, ജനന – മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക എന്നിവ അബ്ഷറിന്റെ പുതിയ സേവനങ്ങളില്‍പ്പെടുന്നതാണ്. ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. അബ്ഷര്‍ പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തോ സ്മാര്‍ട്ട്ഫോണുകളിലെ അബ്ഷര്‍ ആപ്ലിക്കേഷന്‍ വഴിയോ സേവനങ്ങളുടെ നടപടിക്രമങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുമെന്ന് സിവില്‍ സ്റ്റാറ്റസ് ഏജന്‍സി അറിയിച്ചു.

സൗദിയിലെ മിക്ക സര്‍ക്കാര്‍ സേവനങ്ങളും വളരെ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് അബ്ഷര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. സൗദിയിലെ മുഴുവന്‍ വിസ നടപടിക്രമങ്ങള്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, പാസ്‌പോര്‍ട്ട് സേവനങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിേഫിക്കറ്റ് എന്നിവ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *