Your Image Description Your Image Description

15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ റോഡുകളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നിയമം നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഗതാഗതം, തുറമുഖം, സംസ്ഥാന എയർപോർട്ട് അതോറിറ്റി വകുപ്പുകളുടെ അടുത്ത 100 ദിവസത്തെ കർമപദ്ധതികൾ അവലോകനം ചെയ്യാൻ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.കാലഹരണപ്പെട്ട 13,000 സർക്കാർ വാഹനങ്ങൾ ഒഴിവാക്കാനും മുഖ്യന്ത്രി നിർദ്ദേശം നൽകി.

15 വർഷത്തിലധികം പഴക്കമുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. കാലഹരണപ്പെട്ട 13,000ൽ അധികം സർക്കാർ വാഹനങ്ങൾ ഒഴിവാക്കുകയും 15 വർഷത്തിലധികം പഴക്കമുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസുകൾക്ക് പകരം എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം), സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) കിറ്റുകൾ ഉപയോഗിച്ച് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനത്തിൻ്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിനായുള്ള പദ്ധതികളും മുഖ്യമന്ത്രി വിശദീകരിച്ചു. നഗര സഞ്ചാരം വർധിപ്പിക്കുന്നതിനായി ബൈക്ക് ടാക്‌സി, മാക്‌സി ക്യാബ് സേവനങ്ങൾ ഏർപ്പെടുത്താനും ഫഡ്‌നാവിസ് ഗതാഗത വകുപ്പിന് നിർദ്ദേശം നൽകി. ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) രൂപീകരിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് അപകടസാധ്യതയുള്ള ഘട്ട് പ്രദേശങ്ങളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗം വർധിപ്പിക്കാൻ സംസ്ഥാന ഗതാഗത വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മഹാരാഷ്ട്ര സർക്കാരും ഗൂഗിളും തമ്മിൽ അടുത്തിടെ ഒപ്പുവച്ച കരാർ എടുത്തുകാണിച്ചുകൊണ്ട്, ഈ മേഖലയുടെ സുരക്ഷ, സുസ്ഥിരത, കാര്യക്ഷമത എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എഐ അധിഷ്ഠിത പരിഹാരങ്ങൾ സംയോജിപ്പിക്കുന്നതിന് ഈ സഹകരണം പ്രയോജനപ്പെടുത്തുന്നതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‍നാവിസ് ഊന്നൽ നൽകി.

Leave a Reply

Your email address will not be published. Required fields are marked *