Your Image Description Your Image Description

കണ്ണൂര്‍: ജില്ലയിൽ പകര്‍ച്ച വ്യാധികളെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് കൂടാതെ എംപോക്‌സ് പോലെയുള്ളവായും കണ്ണൂരിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഡെങ്കിപ്പനി, ചെള്ള് പനി, മലമ്പനി തുടങ്ങിയ പ്രാണിജന്യ രോഗങ്ങളും എലിപ്പനി പോലുള്ള ജന്തു ജന്യ രോഗങ്ങളും ജില്ലയിൽ പടരുന്നു. കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും പകര്‍ച്ച വ്യാധികളുടെ വ്യാപനം വര്‍ധിപ്പിക്കുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാല്‍ ഉറവിട നശീകരണവും വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും എല്ലാ ജില്ലകളിലും ഊര്‍ജിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

എല്ലാ ജില്ലകളില്‍ നിന്നും ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍, എപ്പിഡെമോളജിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ്, മറ്റ് ഫീല്‍ഡ് സ്റ്റാഫ് എന്നിവരുടെ ടീം ഫീല്‍ഡ് തലത്തില്‍ പകര്‍ച്ച വ്യാധി സംബന്ധിച്ച പഠനം നടത്തുകയും റിപ്പോര്‍ട്ട് സംസ്ഥാന സര്‍വൈലന്‍സ് യൂണിറ്റിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി, ചെള്ള് പനി, മലമ്പനി തുടങ്ങിയ പ്രാണിജന്യ രോഗങ്ങളും എലിപ്പനി പോലുള്ള ജന്തുജന്യ രോഗങ്ങളും വർദ്ധിക്കാൻ കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹെപ്പറ്റൈറ്റീസ് എ, മറ്റു വയറിളക്ക രോഗങ്ങള്‍ എന്നിവ വര്‍ധിക്കാനുള്ള കാരണം ജലമലിനീകരണമാണെന്നാണ് പ്രാഥമിക നിഗമനം.

പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സര്‍വെയലന്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേനയുള്ള പകര്‍ച്ച വ്യാധികളുടെ വിവരങ്ങള്‍ വിശകലനം ചെയ്യുകയും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ച് വരുന്നുണ്ട്.

അതിഥി തൊഴിലാളികളില്‍ നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിനും ആരോഗ്യ പരിപാലനത്തിനും ആവശ്യമായ നടപടികള്‍ പരിശോധിക്കുന്നതിനുമായി അവരുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍, തൊഴില്‍ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് ശേഖരിക്കുന്നതിനും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍-ദേശിയ ആരോഗ്യ ദൗത്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *