Your Image Description Your Image Description

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. വെള്ളാപ്പള്ളി നടത്തിയത് സമൂഹത്തിൽ വിഭാ​ഗീയതയും വർ​ഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണെന്ന് മുസ്‌ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വിമർശിച്ചു. വെള്ളാപ്പള്ളിക്ക് ഇത്തരം പരാമർശം ഭൂഷണമാണെങ്കിലും കേരളീയ പൊതുസമൂഹത്തിന്‍റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് നടത്തിയത്. വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ വെള്ളാപ്പള്ളി മുൻപും നടത്തിയിട്ടുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കാറില്ല, രാവിലെ പറയുന്നത് വൈകിട്ട് മാറ്റി പറയും. സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയെതന്നും പിഎംഎ സലാം പറഞ്ഞു

താൻ നടത്തിയ പ്രസ്താവന യാഥാർത്ഥ്യമാണോ എന്ന് അറിയാൻ മലപ്പുറത്ത് കുറച്ച് ദിവസം വെള്ളാപ്പള്ളി താമസിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിക്കെതിരെ നിയപടി സ്വീകരിക്കാൻ ലീഗ് ആലോചിക്കുകയാണെന്നും നടപടി സ്വീകരിക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ബാധ്യതയാണെങ്കിലും അത് നിർവഹിക്കാൻ ഇടത് സർക്കാർ പരാജയപ്പെടുകയാണെന്നും പിഎംഎ സലാം കൂട്ടി ചേർത്തു.

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ഈഴവർക്ക് ജില്ലയിൽ അവഗണനയാണന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പരാമർശം. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ’, വെള്ളാപ്പള്ളി പറഞ്ഞു. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ടെങ്കിലും ബാക്കിയെന്തിലാണ് പ്രാതിനിധ്യമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *