Your Image Description Your Image Description

ജിദ്ദ: നിരോധിത മയക്കുമരുന്നായ ഹഷീഷ് സൗദിയിലേക്ക് ഒളിച്ചു കടത്തിയെന്ന കേസിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്‌താവന ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്.

സുരക്ഷാ വിഭാഗത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും അവരുടെ കാര്യത്തിൽ നിയമാനുസൃത നടപടികൾ കൈക്കൊണ്ടുവെന്നും പ്രസ്താവനയിൽ പറയുന്നു. കുറ്റാരോപണം തെളിയിക്കപ്പെടുകയും അപ്പീൽ നൽകാനുള്ള അനുമതി നൽകുകയും ചെയ്‌ത കേസ് ഒടുവിൽ ശിക്ഷാവിധി നടപ്പിലാക്കുന്നതിലൂടെ പൂർത്തിയാക്കിയെന്നും പ്രസ്‌താവനയിൽ പറയുന്നു.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കിയെങ്കിലും എപ്പോഴാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് പരാമർശിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഇറാൻ ടെഹ്റാനിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തിയതായി റിപ്പോർട്ട് ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ചേരാത്ത നടപടിയാണിതെന്ന് വധശിക്ഷയെ വിശേഷിപ്പിച്ചതായാണ് ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *