Your Image Description Your Image Description

കൊല്ലം: കൊല്ലം ബീച്ചിൽ നടന്ന ന്യൂയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രി 12.30ന് ബീച്ചിൽ നിന്ന് വഴിയോര കച്ചവടക്കാരെയും പൊതുജനങ്ങളെയും പോലീസ് ഒഴിപ്പിച്ചു. ഈസ്‌റ്റ് പോലീസിന്റെ നിർദേശാനുസരണം വ്യാപാരികൾ അവരുടെ കച്ചവട സാമഗ്രഹികൾ മാറ്റുന്നതിനിടയിൽ സമയം വൈകിയെന്ന് ആരോപിച്ച് പോലീസ് ഇവരുടെ കച്ചവട സാധനങ്ങൾ അടിച്ച് നശിപ്പിക്കുകയും ഭക്ഷ്യവസ്ക്കൾ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്‌ത കച്ചവടക്കാരെ അകാരണമായി മർദിക്കുകയും അവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു.

ബീച്ചിൽ പോലീസിന്റെ സമയം നിയന്ത്രണമറിയാതെ കിഴക്കൻ മേഖലയിൽ നിന്നു മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും രണ്ട് കൊച്ചു കുട്ടികളുമായി വന്ന കുടുംബത്തിന് നേരെയും പോലീസ് അതിക്രമം കാട്ടി. സമയ നിയന്ത്രണം നിങ്ങൾക്ക് അറിയേില്ലയെന്ന് ചോദിച്ചുകൊണ്ട് കുടുംബത്തിന് നേരെ ആക്രോശിക്കുകയും പാഞ്ഞടുക്കുകയും അഞ്ചംഗ കുടുംബത്തിലെ യുവാവിനെ ബലാൽക്കാരമായി പിടിച്ചു പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്‌തു. യുവാവിന്റെ പിതാവ് അത് തടയുകയും പിടിച്ചുകൊണ്ടു പോകുന്നത് ചോദ്യം ചെയ്‌തപ്പോൾ ഇവനാരെന്ന് ചോദിച്ചു യുവാവിനെ വീണ്ടും പോലീസുകാർ സംഘം ചേർന്ന് മർദിക്കുകയും ചെയ്‌തു. ലാത്തി കൊണ്ടുള്ള മർദനത്തിൽ യുവാവിൻ്റെ കൈയ്ക്കും ശരീരമാസകലവും പരുക്കേറ്റു. പോലീസ് മർദിക്കുന്ന ദൃശ്യം കുടുംബം മൊബൈലിൽ പകർത്തിയപ്പോൾ മൊബൈൽ ഫോൺ ബലാൽക്കാരമായി പിടിച്ചു വാങ്ങുകയും അതിൽ ഉണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഉടൻ ഇവിടം വിട്ടു പോയില്ലെങ്കിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പിതാവിനെയും പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീകൾ തടയാൻ ശ്രമിച്ചപ്പോൾ അവരെ അസഭ്യം പറഞ്ഞു മാറ്റി നിർത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം തേടി. കാഴ്‌ചക്കാരായി കണ്ടുനിന്ന പൊതുജനങ്ങൾ ഇടപെട്ട് പോലീസ് ജീപ്പ് തടഞ്ഞപ്പോഴാണ് പന്തികേടെല്ലന്ന് തോന്നി പോലീസ് അവരെ ഇറക്കിവിട്ടത്. പോലീസുകാർക്കെതിരെ കുടുബം കൊല്ലം സിറ്റി പോലിസ് കമ്മിഷണർക്ക് പരാതി നൽകി. നിയന്ത്രണത്തിന്റെ മറവിൽ വഴിയോര വ്യാപാരികൾക്കും ബീച്ചിൽ വരുന്ന പൊതുജനങ്ങൾക്കുമെതിരെ പോലീസിൻ്റെ അതിക്രമം തുടർന്നാൽ ശക്‌തമായ പ്രതിഷേധവും പ്രക്ഷോഭ പരിപാടികളും പോലീസ് സ്‌റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തുമെന്നും ബീച്ച് ചെറുകിട-വ്യാപാര-സംയുക്‌ത- സമരസമിതി ചെയർമാനും വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റുമായ ബിനോയ് ഷാനൂർ, ബീച്ച് ചെറുകിട വ്യാപാര സംയുക്‌ത സമരസമിതി വൈസ് ചെയർമാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അൻഷാദ് പോളയത്തോട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സനീർ പോളയത്തോട്, വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷമീർഖാൻ എന്നിവർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *