Your Image Description Your Image Description

ഗാസ: പുതുവത്സര ദിനത്തിലും ഗാസയിൽ ഇസ്രേയലിന്റെ കനത്ത ആക്രമണം തുടരുകയാണ്. വടക്കൻ ജബലിയയിലും ബുറൈജ്​ അഭയാർഥി ക്യാമ്പിന്​ നേരെയുമായിരുന്നു ആക്രമണം. 17 പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ജബലിയയിൽ 15 പേരാണ്​ ആക്രമണത്തിൽ മരിച്ചത്​. ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണെന്ന്​ ‘അൽ ജസീറ’ റിപ്പോർട്ട്​ ചെയ്യുന്നു. ഹമാസ് പോരാളികൾ​ വീണ്ടും സംഘടിക്കുന്നതിനാലാണ്​​ ആക്രമണം നടത്തിയതെന്നാണ്​​​ ഇസ്രായേൽ ആരോപിക്കുന്നത്​. എന്നാൽ വടക്കൻ ഗാസയിൽ നിന്ന്​ ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച്​ ബഫർ സോണാക്കി മാറ്റുകയാണ് ഇസ്രേയലിന്റെ ലക്ഷ്യമെന്ന്​ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്​.

ബുറൈജ്​ അഭയാർഥി ക്യാമ്പിൽ കഴിയുന്നവരോട്​ ഇസ്രായേൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇവിടെ വലിയ രീതിയിലുള്ള ആക്രമണമാണ്​ ഇസ്രായേൽ നടത്തിയത്​. ഇതോടെ നിരവധി കുടുംബങ്ങളാണ്​ കൈയിൽ കിട്ടിയ സാധനങ്ങളുമായി തെരുവിലിറങ്ങിയത്​. നിലവിൽ ഗാസയിൽ അതിശൈത്യത്തോടൊപ്പം കനത്ത മഴയും പെയ്യുന്നുണ്ട്​. ഇതെല്ലാം ഗാസക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്​​. കഴിഞ്ഞ ദിവസമുണ്ടായ മഴയെത്തുടർന്ന്​ 1500ഓളം ടെന്റുകൾ ഉപയോഗശൂന്യമായതായി പലസ്തീൻ സിവിൽ ഡിഫൻസ്​ അധികൃതർ അറിയിച്ചിരുന്നു.

ഗാസക്ക്​ പുറമെ വെസ്​റ്റ്​ ബാങ്കിലും ഇസ്രേയലിന്റെ സൈനീക അതിക്രമങ്ങൾ തുടരുകയാണ്​. ബുധനാഴ്​ച ​​വെസ്​റ്റ്​ ബാങ്കിലെ തമ്മുൻ പ്രദേശത്തുനിന്ന്​ അഞ്ചുപേരെ അറസ്​റ്റ്​ ചെയ്​തതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തിരുന്നു. അതേസമയം ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്​സ്​ പുതുവർഷപ്പുലരിയിൽ ഇസ്രായേൽ ലക്ഷ്യമാക്കി റോക്കറ്റുകൾ വിക്ഷേപിച്ചു. നെറ്റിവോട്ട്​ സെറ്റിലെമെന്റിനു നേരെയായിരുന്നു ആക്രമണം. പുതുവർഷം പിറന്നതിന്​ പിന്നാലെ പ്രദേശത്ത്​ അപായ സൈറണുകൾ മുഴങ്ങി. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ സ്​തംഭിച്ചിരിക്കുകായണെന്ന്​ വാൾസ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​ ചെയ്യുന്നു​. വെടിനിർത്തൽ കരാർ യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയായിരിക്കണമെന്ന്​ ഹമാസും ആവശ്യപ്പെടുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *