Your Image Description Your Image Description

ചെന്നൈ: ലോക ശ്രെദ്ധ നേടിയ പായല്‍ കപാഡിയയുടെ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ‘ ഇന്ത്യയില്‍ വേണ്ടപോലെ സ്വീകരിക്കപ്പെട്ടില്ലെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത് പലര്‍ക്കും അറിയില്ലായിരുന്നു. ഇത് കാഴ്ചക്കാരുടെ എണ്ണം കുറയാന്‍ കാരണമായി. അതിന്റെ സംവിധായിക തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടും ഇന്ത്യയില്‍ മികച്ച സ്‌ക്രീന്‍ കൗണ്ട് നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടു. 2023-ല്‍ പുറത്തിറങ്ങിയ ചിത്ത എന്ന ചിത്രം നിര്‍മ്മിച്ച സിദ്ധാര്‍ത്ഥ് ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍, ഒരു സിനിമയുടെ വിജയത്തെ വ്യത്യസ്ത രീതികളില്‍ അളക്കാന്‍ കഴിയണം എന്ന ചിന്തയും പങ്കുവച്ചു.

സിദ്ധാര്‍ത്ഥ് പായലിന്റെ വാക്കുകള്‍ ഉദ്ധരിച്ചു ‘എന്റെ സിനിമ റിലീസ് ചെയ്തു, ആരും വന്നില്ല, അവര്‍ ഷോകള്‍ റദ്ദാക്കി. നിങ്ങള്‍ക്ക് സിനിമ കാണണമെങ്കില്‍, ഒരു ഷോയെങ്കിലും ഇടാന്‍ ഒരു സിഗ്‌നേച്ചര്‍ കാമ്പെയ്ന്‍ നടത്തേണ്ട അവസ്ഥയാണ്’. കാനിലും ഗോള്‍ഡന്‍ ഗ്ലോബിലും ചരിത്രം രചിച്ച പായല്‍ കപാഡിയയുടെ സിനിമ രാജ്യത്തെ പ്രേക്ഷകരിലേക്ക് എത്തിയില്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘ നിര്‍മ്മാതാക്കള്‍ ആ സിനിമയുടെ ഏറ്റവും വലിയ വിജയം നേടിയെന്ന് കരുതുന്നു, എന്നാല്‍ അവരുടെ സിനിമയെ നല്ല സിനിമ എന്ന് വിളിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ ആ സിനിമ ഒരിക്കലും കാണാന്‍ പോകുന്നില്ല.’
”അതിനാല്‍, രണ്ട് തരത്തിലുള്ള വിജയങ്ങളുണ്ട്, ഒന്ന് അവ നിര്‍മ്മിച്ചവര്‍ക്ക് വന്‍ വിജയമായി തോന്നുന്നത്. അല്ലെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയമെന്ന് പറയുന്നത്. രണ്ടുതരം ചിത്രങ്ങളും വിജയമാണ്. അതിനാല്‍ രണ്ട് തരം ചിത്രങ്ങളുടെ വിജയവും ആഘോഷിക്കപ്പെടണം’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ ചിത്രമായ ചിത്ത വ്യാപകമായ അംഗീകാരം നേടിയിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നിവയുള്‍പ്പെടെ മികച്ച ബഹുമതികള്‍ നേടിയിരുന്നു. ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയില്‍ തനിക്ക് ഈ അവാര്‍ഡുകള്‍ ഒരു മഹത്തായ നേട്ടമാണെന്ന് ചര്‍ച്ചയില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഈ അംഗീകാരങ്ങള്‍ ഇന്ത്യയിലെ മുഖ്യധാരാ ചലച്ചിത്ര വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ചിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചുവെങ്കിലും, ചിത്തയുടെ വിജയം ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *