Your Image Description Your Image Description

തൃശൂർ: നെല്ലായി ആനന്ദപുരത്ത് എടുക്കാത്ത വായ്പയുടെ പേരിൽ 44 സ്ത്രീകൾക്ക് ജപ്തിനോട്ടീസ്. കുടുംബശ്രീക്കാരുടെ പേരില്‍ വായ്പ എടുത്തത് സ്ഥലം സിഡിഎസ് മെമ്പര്‍ ഗീതുവാണെന്നാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ജപ്തി നോട്ടീസ് ലഭിച്ചവര്‍ പറയുന്നു.

രാധയും കാർത്തുവും ചിന്താമണിയും വായ്പയേ എടുത്തിട്ടില്ല. ഒരു രേഖയിലും ഒപ്പിട്ടിട്ടുമില്ല. പക്ഷേ ജപ്തി നോട്ടീസ് വന്നപ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. ഇവര്‍ മാത്രമല്ല, ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്.

കുടുംബശ്രീ അംഗങ്ങള്‍‍ക്ക് കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ചെറിയ പലിശയ്ക്ക് വായ്പ കൊടുക്കുന്ന പദ്ധതിയെയാണ് സ്ഥലത്തെ സിഡിഎസ് അംഗം ഗീതു രതീഷ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ഇവർ പറയുന്നു. നാലു പേരടങ്ങുന്ന പതിനൊന്ന് സ്വയംസഹായ സംഘങ്ങളുണ്ടാക്കി വിദ്യാഭ്യാസമില്ലാത്ത, നിര്‍ധനരായ സ്ത്രീകളെ അതില്‍ ചേര്‍ത്തു. ഇവരുടെ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തു.

പരാതി നല്കി മാസങ്ങളായിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസിന്‍റെ മറുപടി. ജപ്തി ചെയ്താല്‍ പോകാനൊരിടമില്ലാത്ത തങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *