Your Image Description Your Image Description

കൊച്ചി: സ്കൂട്ടറിൽ കൊണ്ടുവന്ന മാലിന്യപായ്ക്കറ്റ് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയും. മാലിന്യം റോഡരുകിൽ തള്ളിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിര്‍ദേശം നൽകി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13–ാം വാർഡ് അംഗവും സിപിഎം നേതാവുമായ പി.എസ്.സുധാകരനാണ് കഥാനായകൻ.

ബ്രഹ്മപുരം മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് സുധാകരന്റെ വിഷയവും പരാമർശിച്ചത്.
മാലിന്യ നിർമാർജനത്തിൽ വ്യക്തികൾക്കും പങ്കുവഹിക്കാനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. റെയിൽവേ ട്രാക്കുകളിൽ ഉൾപ്പെടെ പലയിടത്തും മാലിന്യ കൂമ്പാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, മാലിന്യനീക്കത്തിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നറിയിക്കാൻ റെയിൽവേക്കും നിർദേശം നൽകി.

മാലിന്യം തള്ളുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞതാണു സുധാകരനു വിനയായത്. ഈ സംഭവത്തിനുശേഷം അറവുമാലിന്യങ്ങൾ പഞ്ചായത്തിൽ തള്ളിയവർ‍ക്കെതിരെ സുധാകരൻ പ്രതികരിച്ചതോടെ ഏതോ വിരുതൻ ഇത് ‘ഫുട്ബോൾ’ വിഡിയോ കമന്ററി രൂപത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, വണ്ടി ഓടിച്ച് സ്പീഡിൽ പോകുമ്പോൾ താഴെപ്പോകാൻ ശ്രമിച്ച പായ്ക്കറ്റ് കാലുകൊണ്ടു പൊക്കി നേരെ വയ്ക്കാൻ ശ്രമിക്കുന്ന രംഗമാണു തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നത് എന്ന് സുധാകരൻ വിശദീകരിച്ചിരുന്നു.

എന്നാൽ പ്രശ്നം അവിടം കൊണ്ട് അവസാനിച്ചില്ല. സ്കൂട്ടറിലെത്തിയ സുധാകരൻ ആവോലി പഞ്ചായത്ത് പരിധിയിൽ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം കാലു കൊണ്ടു തട്ടി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഈ രംഗങ്ങൾ സഹിതം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *