Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ച സംഭവത്തിൽ പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും. സംഭവത്തിൽ ഒരാൾ മരിച്ചതോടെ മേൽക്കൂരയുടെ നിർമാണത്തിൽ ആരോപണം ഉന്നയിക്കുകയാണ് ഇരുപക്ഷവും. സംഭവത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കി ആദ്യം രംഗത്തെത്തിയത് കോൺഗ്രസായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെ തകർന്നു വീണ ഭാഗം ഉദ്ഘാടനം ചെയ്തതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. മോദി ഉദ്ഘാടനം നിർവഹിച്ച നിർമാണങ്ങളെല്ലാം ഇത്തരത്തിൽ തകർന്നിട്ടുണ്ടെന്നായിരുന്നു എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്സിൽ കുറിച്ചത്. വിമാനത്താവളത്തിന്റെ നിർമാണത്തിൽ അഴിമതി ഉണ്ടെങ്കിൽ പുറത്ത് കൊണ്ടു വരണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ വൈകാതെ തന്നെ ബിജെപി ഇതിനെതിരെ രംഗത്തെത്തി. ആഭ്യന്തര ടെർമിനലിന്റെ തകർന്ന് വീണ ഭാഗം നിർമിച്ചത് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണെന്നായിരുന്നു ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ ഉദ്ഘാടനം നിർവഹിച്ചത് സമീപത്തുണ്ടായിരുന്ന മറ്റൊരു കെട്ടിടമായിരിന്നുവെന്നു കേന്ദ്ര വ്യോമയാന മന്ത്രിയും തെലങ്കാനയിൽ നിന്നുള്ള ബിജെപി നേതാവുമായ റാം മോഹൻ നായിഡു അറിയിച്ചു. സംഭവസ്ഥലം നേരിട്ടു സന്ദർശിച്ചായിരുന്നു റായിഡുവിന്റെ പ്രസ്താവന.

2008-2009 കാലഘട്ടത്തിലായിരുന്നു മേൽക്കൂര നിർമാണമെന്നും അന്ന് സൂപ്പർ പ്രധാനമന്ത്രിയായി ഭരണത്തെ നിയന്ത്രിച്ചിരുന്ന സോണിയ ഗാന്ധി സംഭവത്തിൽ മറുപടി പറയണമെന്നുമാണു ബിജെപി ഐടി സെൽ ദേശീയ മേധാവി അമിത് മാളവ്യ തുറന്നടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *