Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തി വന്ന യുവാവ് പിടിയിലായി. മലപ്പുറത്ത് എടവണ്ണപ്പാറ ചോലയില്‍ ഹൗസില്‍ കെ. മുബഷീറി(33)നെയാണ് ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജില്‍നിന്ന് നാര്‍ക്കോട്ടിക് സെല്‍ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും എസ്‌ഐ അരുണ്‍ വി.ആറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍നിന്ന് 11.31 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലയില്‍ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോവിന്ദപുരത്തെ ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിനെ മയക്കുമരുന്നുമായി പിടികൂടിയത്.

ബെംഗളൂരുവില്‍നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട്, മലപ്പുറം ഭാഗത്ത് എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരില്‍പ്പെട്ടയാളാണ് മുബഷീര്‍. കോഴിക്കോട് നഗരത്തിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇയാളുടെ വില്‍പ്പന. ഡാന്‍സാഫ് സംഘത്തിന്റെ ഏറെനാളത്തെ നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മുബഷീര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും മുമ്പ് വാഴക്കാട് സ്റ്റേഷനില്‍ കഞ്ചാവ് ഉപയോഗിച്ചതിന് കേസുണ്ടെന്നും പോലീസ് പറഞ്ഞു.

ഡന്‍സാഫ് ടീമിലെ എസ്‌ഐ മാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്‌മാന്‍ സിപിഒമാരായ സരുണ്‍ കുമാര്‍ പി.കെ , അതുല്‍ ഇ വി , ദിനീഷ് പി.കെ , അഭിജിത്ത് പി മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ എസ്‌ഐമാരായ സന്തോഷ് സി , പ്രവീണ്‍ കുമാര്‍ സിപിഒമാരായ ബൈജു. വി, വിജീഷ് പി, ദിവാകരന്‍, രന്‍ജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്

നഗരത്തില്‍ നിരീക്ഷണം ശക്തമാക്കി
മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബസ്സ് സ്റ്റാന്റ്, മാളുകള്‍, ലോഡ്ജ്, ബീച്ച്, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പിടിയിലായ മുബഷീര്‍ ആര്‍ക്കൊക്കെയാണ് ഇവിടെ ലഹരി മരുന്ന് കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് നാര്‍ക്കോട്ടിക്ക് സെല്‍ അധിക ചുമതലയുള്ള അസി. കമ്മീഷണര്‍ ജി. ബാലചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *