Your Image Description Your Image Description

ഫൺത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് നടി ശോഭന നിർവഹിച്ചു. ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിന്‍റെ ബാനറിൽവ്യവസായ പ്രമുഖനായ മനോജ് കുമാർ.കെ.പി.യാണ് നിർമിക്കുന്നത്.

ഏറെ ശ്രദ്ധേയമായ അടികപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്യാംബസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്‍റണി, പ്രേംകുമാർ, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി, എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധായകൻ എ.ജെ. വർഗീസിന്‍റേതാണു തിരക്കഥയും. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു.ടിറ്റോ.പി. തങ്കച്ചന്‍റേതാണു ഗാനങ്ങൾ. ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്. എഡിറ്റിങ് – ലിജോ പോൾ. കലാസംവിധാനം – ശ്യാം കാർത്തികേയൻ.

Leave a Reply

Your email address will not be published. Required fields are marked *