Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എൻ്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ എത്തിയതോടെ ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടെയ്ൻമെന്റ് സമ്മിറ്റിൽ അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, ചിരഞ്ജീവി അടക്കമുള്ള താരങ്ങൾ പങ്കെടുക്കുന്നുണ്ട് രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാർ, മിഥുൻ ചക്രബർത്തി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രം മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. വേവ് സമ്മിറ്റിൽ പങ്കെടുക്കവെയാണ് ഈ ചിത്രം എടുത്തത്. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക് ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെൻ്റ്, AVGC-XR, സിനിമ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ സംഘടിപ്പിക്കുന്നു.അക്ഷയ് കുമാർ മോഡറേറ്ററായി എത്തുന്ന ലെജെൻഡ്‌സ്‌ ആൻഡ് ലെഗസീസ്: ദ് സ്റ്റോറീസ് ദാറ്റ് ഷെയ്പ്പ് ഇന്ത്യാസ് സോൾ എന്ന സെഷൻ പരിപാടിയുടെ ആകർഷണമാകും. അമിതാഭ് ബച്ചൻ, ഹേമാമാലിനി, മിഥുൻ ചക്രവർത്തി, രജനികാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം മോഹൻലാലും സ്പീക്കർമാരിൽ ഒരാളായി സെഷനിൽ പങ്കെടുക്കുന്നു. പ്രതിവർഷം ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നുള്ളതുകൊണ്ടുതന്നെ ഇന്ത്യയുടെ മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് മേഖലയെ ലോക വേദിയിലേക്ക് ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്ത മികവുറ്റ പരിപാടിയായി വേവ്സ് എന്നതിൽ സംശയമില്ല. മാധ്യമ വിനോദ വ്യവസായത്തിൽ ചർച്ചകളും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദിയായിരിക്കും വേവ്സ്. ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിൽ നടത്തുന്ന 4 ദിവസത്തെ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രമുഖരുമായി അദ്ദേഹം സംവദിക്കും. എമ്പുരാൻ പുറത്തിറങ്ങിയതോടെ ആർ എസ് എസുമായി മോഹൻലാൽ തെറ്റിയെന്ന് സി പി.എം. വിശ്വസിച്ചിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കാളിത്തമുള്ള ഉച്ചകോടിയിൽ ലാലിന് ക്ഷണം ലഭിച്ചത്. അതോടെയാണ് ചില സി പി എം നേതാക്കൾ മോഹൻലാലിനെ നാറ്റിക്കാൻ ശ്രമം തുടങ്ങിയത്. പുലിപ്പല്ലുമായി റാപ്പർ വേടൻ അറസ്റ്റിലായതിനു പിന്നാലെയാണ് സൂപ്പർതാരം മോഹൻലാൽ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചർച്ചയിലെത്തിയത്. വേടനെ കുടുക്കാൻ തിടുക്കം കാട്ടിയ വനം വകുപ്പ് ലാലിൻറെ കേസിൽ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം. 2011 ആഗസ്റ്റിൽ എറണാകുളം തേവരയിലെ മോഹൻലാലിൻറെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുള്ള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തിൽ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകൾക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂൺ മാസത്തിൽ. . വീട്ടിലെ മേശയിൽ ഉറപ്പിച്ച നിലയിൽ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകൾ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നുമില്ല. നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയിൽ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയിൽ എടുത്തില്ല. നോട്ടീസ് നൽകി വനം വകുപ്പിൻറെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് ലാലിൻറെ സൗകര്യം നോക്കി അദ്ദേഹത്തിൻറെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുപ്പ് പോലും നടത്തിയത്. തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കൾ സൂക്ഷിക്കാനായി ഏൽപ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു ലാൽ നൽകിയ മൊഴി. ആനക്കൊമ്പ് വിൽക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും ലാലിനെതിരെ വനം വകുപ്പ് നടപടികൾ ഒന്നും ഉണ്ടായില്ല. ഇതിനിടയിൽ ആനക്കൊമ്പിൻറെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാൽ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു. പരിശോധിക്കാൻ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ചട്ടങ്ങൾ പലതും മറികടന്ന് വനം വകുപ്പ് ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു. അന്നത്തെ യുഡിഎഫ് സർക്കാരിൽ വനം മന്ത്രിയായിരുന്ന ഗണേഷ് കുമാറിൻറെ സ്വാധീനത്തിലാണ് ലാലിന് ഈ ഉടമസ്ഥാവകാശം കിട്ടിയതെന്ന ആരോപണം അന്നും ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നൽകിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂർ സ്വദേശി പൗലോസും മുൻ വനം വകുപ്പ് ഉദ്യോഗസ്ഥനും നൽകിയ ഹർജികൾ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ വനം വകുപ്പ് ലാലിനെതിരെ പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാൽ പെരുമ്പാവൂർ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തുടർ നടപടികൾക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് ലാൽ. വിവാദമായ ആനക്കൊമ്പുകൾ ഇന്നും മോഹൻലാലിൻറെ പക്കലുണ്ട്. ആനക്കൊമ്പുകൾ മാത്രമല്ല അന്ന് ആ വീട്ടിൽ നിന്ന് കണ്ടെടുത്ത ആനക്കൊമ്പിൽ തീർത്ത 13 വിഗ്രഹങ്ങളും. വേടൻറെ കേസിലെ തിടുക്കം ഒരു ഘട്ടത്തിലും ലാലിൻറെ കാര്യത്തിൽ വനം വകുപ്പിൽ നിന്നോ മറ്റ് സർക്കാർ സംവിധാനങ്ങളിൽ നിന്നോ ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. വേടനെതിരെ തിടുക്കത്തിൽ നടപടികൾ വേണ്ടെന്നല്ല. മറിച്ച് ഒരേ സ്വഭാവമുളള രണ്ടു കേസുകളിൽ രണ്ടു തരത്തിലുള്ള സമീപനമോ വേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്.മോഹൻലാലും മോദിയും തമ്മിൽ തെറ്റിയിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് വിവാദം വീണ്ടും പുകഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *