Your Image Description Your Image Description

വയനാട്: പുൽള്ളിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ ടയര്‍ ഊരിത്തെറിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പുൽപ്പള്ളി വിജയ സ്‌കൂളിന് മുന്നിലെത്തിയപ്പോഴാണ് ജീപ്പിന്‍റെ പിന്‍വശത്തെ ടയര്‍ ഊരി തെറിച്ചത്. ലോക്കല്‍ സര്‍വീസ് നടത്തുന്ന ജീപ്പാണിത്. കാര്യംപാതിക്കുന്നില്‍ നിന്നും യാത്രക്കാരുമായി ടൗണിലേക്ക് വരികയായിരുന്നു ജീപ്പ്. വാഹനത്തിന് വേഗത കുറവായതിനാല്‍ അപകടമൊന്നുമുണ്ടായില്ല. വാഹനത്തില്‍ നിന്ന് ഊരി തെറിച്ച ടയര്‍ നടപ്പാതയുടെ കൈവരിയില്‍തട്ടി റോഡിന് നടുവിലേക്ക് വീണു.

ഈ സമയം ഇതുവഴി വന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ജീപ്പിന്‍റെ ആക്‌സിലൊടിഞ്ഞതിനെ തുടര്‍ന്നാണ് ടയര്‍ ഊരിപ്പോകാന്‍ കാരണമെന്നാണ് പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്.

തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അരുണ്‍, വാഹനം നിർത്തി പുറത്തിറങ്ങി. ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഷോ‍ർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *