Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ വൈകീട്ട് പ്രഖ്യാപിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതിൽ ചിത്രം വ്യക്തമായിട്ടില്ല. കർണ്ണാടകയിലെ ഷിമോഗയിൽ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും ഷിമോഗയിലേക്ക് വിളിപ്പിച്ചു.

രാഹുലും പ്രിയങ്കയും മത്സരിക്കുമോ? അതോ രാഹുൽ മാത്രം മത്സരിക്കുമോ? അമേഠി, റായ്ബേറേലി മണ്ഡലങ്ങൾ ഇക്കുറി ഗാന്ധി കുടുംബം ഉപേക്ഷിക്കുമോ? പ്രഖ്യാപനത്തിന് തൊട്ടുമുൻപും സസ്പെൻസ് തീരുന്നില്ല. രണ്ട് പേരും മത്സരിക്കണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നേരിട്ട് ആവശ്യപ്പെട്ടു. സോണിയ ഗാന്ധി മുഖേനെയും സമ്മർദ്ദം ചെലുത്തി. എന്നാൽ ഇരുവരും എന്തായിരുന്നു മറുപടി നൽകിയതെന്ന് വ്യക്തമല്ല.

രാഹുൽ മത്സരിച്ചേക്കുമെന്നും പ്രചാരണ രംഗത്തേക്ക് പ്രിയങ്ക പൂർണ്ണമായും മാറിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. കുടുംബ പാർട്ടിയെന്ന ആക്ഷേപം ശക്തമാകാതിരിക്കാനാണ് പ്രിയങ്കയുടെ പിന്മാറ്റം. യുപിയിൽ രാഹുൽ വിജയിച്ചാൽ വയനാട് നിലനിർത്തുമോ അതോ യുപിയിലെ മണ്ഡലത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യവും ബിജെപി സജീവമാക്കുന്നുണ്ട്. പ്രഖ്യാപന ദിനത്തിൽ പ്രധാന നേതക്കളാരും ദില്ലിയിലില്ല. രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഖർഗെയുടെ പരിപാടികൾ മാറ്റി വച്ചതായി ഇന്നലെ അറിയിപ്പ് വന്നെങ്കിലും മുൻ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുമെന്ന തിരുത്ത് ഇന്ന് എഐസിസി നൽകി.

അതേ സമയം, സ്ഥാനാർത്ഥികളെ കണ്ടെത്താതെ കോൺഗ്രസ് വട്ടം കറങ്ങുകയാണെന്നും, ഗാന്ധി കുടുംബാംഗങ്ങളെ ഉന്തിതള്ളി ഇറക്കാൻ ശ്രമിക്കുകയാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയാരെന്നറിഞ്ഞ ശേഷം റായ്ബറേലിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *