Your Image Description Your Image Description
Your Image Alt Text

 

കണ്ണൂർ: ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ വന്ന് കണ്ടത് ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മകൻറെ ഫ്ളാറ്റിലേക്ക് വന്ന് എന്നെ കണ്ടതാണ്. ഞാൻ അങ്ങോട്ട് പോയതല്ല. ഇത് വഴി പോയപ്പോൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാൻ കയറിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയം പറയാൻ ശ്രമിച്ചപ്പോൾ അത്തരം കാര്യം ചർച്ച ചെയ്യാൻ താൽപര്യല്ലെന്ന് മറുപടി നൽകി. ഇതോടെ പോവുകയും ചെയ്തെന്ന് ജയരാജൻ പറഞ്ഞു.

ബി.ജെ.പി- കോൺഗ്രസ്‌ ബന്ധത്തിൻറെ ഭാഗമാണ്‌ ഇപ്പോഴുയർന്ന ആരോപണമെന്ന് ജയരാജൻ പറഞ്ഞു. കെ. സുധാകരനും ശോഭാ സുരേന്ദ്രനും മൂന്ന്‌ നാല്‌ മാധ്യമപ്രവർത്തകരും ചേർന്ന്‌ തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം മറുപടി പറയാൻ സമയമില്ലാത്തത് നോക്കി അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തുകയാണ്. കെ. സുധാകരൻറെ ബി.ജെ.പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനായി ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണിത്‌. ശോഭാസുരേന്ദ്രനുമായി ഒരു ബന്ധവുമില്ല. മകൻ ഒരു രാഷ്‌ട്രീയത്തിലുമില്ല. കെ. സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.

മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.​പി. ജ​യ​രാ​ജ​ൻ ചർച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വിവാദ ദല്ലാൾ നന്ദകുമാറാണ് വെളിപ്പെടുത്തിയത്. ജാവദേക്കർ തന്നെ ഇങ്ങോട്ട് വന്ന് കാണുകയായിരുന്നെന്ന് ജയരാജൻ ഇന്ന് സമ്മതിക്കുകയും ചെയ്തു.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇ.പി. ജയരാജനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണമെന്നും ജയരാജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇ.പി. ജയരാജൻറെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ, എല്ലാവരുമായും സുഹൃദ്ബന്ധം വെക്കുന്നയാളാണ് ജയരാജൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും എന്ന പഴഞ്ചൊല്ല് പോലെ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം. സഖാവ് ജയാരജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *