Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉടനടി ഇന്ത്യയില്‍ യുപിഐ പേയ്മെന്‍റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ദൈനംദിന പേയ്മെന്‍റുകള്‍ സൗകര്യപ്രദമായി നടത്താന്‍ സാധിക്കും. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്‍റെ മൊബൈല്‍ ആപ്പ് ഐമൊബൈല്‍ പേയിലൂടെ ഈ സേവനം ലഭ്യമാണ്.

വിവിധ രാജ്യങ്ങളിലെ യുപിഐ ഉപയോഗത്തിനായുള്ള നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍റെ (എന്‍പിസിഐ) അന്താരാഷ്ട്ര അടിസ്ഥാന സൗകര്യമാണ് ഈ സേവനത്തിനായി ഐസിഐസിഐ ബാങ്ക് ഉപയോഗിക്കുന്നത്. യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപൂര്‍, ഓസ്ട്രേലിയ, ഹോങ്കോങ്, ഒഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്.

ഏതെങ്കിലും ഇന്ത്യന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്‍റുകള്‍ നടത്താം. യുപിഐ ഐഡിയിലേക്ക് പണം അയച്ചും അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് വഴിയോ ഇടപാടു നടത്താം.

ഐമൊബൈല്‍ പേയിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ സൗകര്യം ലഭ്യമാക്കുന്നതിനായി എന്‍പിസിഐയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതോടെ 10 രാജ്യങ്ങളിലുള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇനി ഇന്ത്യന്‍ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്നും ഉപഭോക്താക്കള്‍ക്ക് നവീനമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള ഐസിഐസിഐ ബാങ്കിന്‍റെ പ്രതിബദ്ധതയാണിതെന്നും എന്‍ആര്‍ഐ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം ആഗോള തലത്തില്‍ ശക്തിപ്പെടുത്തുന്നതിനായി എന്‍പിസിഐ സേവനങ്ങള്‍ ആശ്രയിക്കുന്നത് തുടരുമെന്നും ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് ആന്‍ഡ് പാര്‍ട്നര്‍ഷിപ്പ്സ് മേധാവി സിദ്ധാര്‍ത്ഥ മിശ്ര പറഞ്ഞു.

ഐമൊബൈല്‍ പേ ഉപയോഗിച്ച് അന്താരാഷ്ട്ര മൊബൈല്‍ നമ്പറിലൂടെ യുപിഐ ഇടപാടു നടത്താന്‍ ചെയ്യേണ്ടത്:

1. ഐമൊബൈല്‍ പേ ആപ്പില്‍ ലോഗിന്‍ ചെയ്യുക

2. യുപിഐ പേയ്മെന്‍റില്‍ ക്ലിക്ക് ചെയ്യുക

3. മൊബൈല്‍ നമ്പര്‍ വേരിഫൈ ചെയ്യുക

4. മാനേജ് മൈ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക

5. പുതിയ യുപിഐ ഐഡി ഉണ്ടാക്കുക (നല്‍കിയിരിക്കുന്ന ഒപ്ഷനുകളില്‍ നിന്നും

തിരഞ്ഞെടുക്കുക)

6. അക്കൗണ്ട് നമ്പര്‍ സെലക്റ്റ് ചെയ്ത് > സബ്മിറ്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *