Your Image Description Your Image Description
Your Image Alt Text

മനില: ദക്ഷിണ ചൈനാക്കടലിൽ ചൈന–ഫിലിപ്പീൻസ് സംഘർഷം തുടരുന്നതിനിടെ ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. മനിലയിൽ വെച്ച് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എൻറിക് മനാലോയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ദക്ഷിണ ചൈന കടലിൽ ചൈനയുടെ ആക്രമണോത്സുകമായ നടപടികൾക്കെതിരെ ഫിലിപ്പീൻസ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുമായി കൂടിക്കാഴ്ച നടന്നത്. സമീപകാലത്തായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ സുരക്ഷാ–പ്രതിരോധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വളർന്നിരുന്നു. ഇന്ത്യയും റഷ്യയും ചേർന്ന് നിർമിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ഉപഭോക്താവ് ഫിലിപ്പീൻസ് ആയിരുന്നു.

സമുദ്ര നിയമങ്ങളെ കുറിച്ചുള്ള യുഎന്നിന്റെ ഉടമ്പടി പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈനയുടെ പേരെടുത്ത് പറയാതെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. സമുദ്ര ഭരണഘടനയെന്നാണ് യുഎൻ സമുദ്രനിയമങ്ങളെ ജയശങ്കർ വിശേഷിപ്പിച്ചത്. ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഫിലിപ്പീൻസിന്റെ ശ്രമങ്ങൾക്കുള്ള പിന്തുണ ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇന്ത്യയുടെ നിലപാടിൽ ചൈന അതൃപ്തി രേഖപ്പെടുത്തി. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള സമുദ്രാതിർത്തി പ്രശ്നങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനുള്ള അധികാരമില്ലെന്ന് ചൈനീസ് വക്താവ് ലിൻ ജിയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *