Your Image Description Your Image Description
Your Image Alt Text

 

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലയിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിലാണ് രണ്ട് സൈനികർ മരിച്ചത്. ഇന്ന് പുലർച്ചെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്‌പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.

പ്രദേശത്ത് അർധരാത്രി മുതൽ പുലർച്ചെ 2.15-വരെ വെടിവെപ്പ് തുടർന്നുവെന്നാണ് വിവരം. നരൻസീന ഗ്രാമത്തിലെ ഒരു മലഞ്ചെരുവിൽ നിന്ന് താഴ്‌വര മേഖലയിലെ ഐആർബി ക്യാമ്പിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്. മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സെൻസിറ്റീവ് ഏരിയയായി പ്രഖ്യാപിച്ച സ്ഥലമായതിനാൽ ആണ് കേന്ദ്ര സുരക്ഷാ സേനയെ ഇവിടെ വിന്യസിച്ചത്. ആക്രമണം നടത്തിയ തീവ്രവാദികൾക്കുവേണ്ടി വ്യാപക തിരച്ചിൽ തുടങ്ങിയെന്ന് സിആർപിഎഫ് വൃത്തങ്ങൾ പറഞ്ഞു.

ത്രീവ്രവാദികൾ ക്യാമ്പിന് നേരെ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു, വെടിവെപ്പിനിടെ മലമുകളിൽ നിന്നും തീവ്രവാദി സംഘം സിആർപിഎഫ് ക്യാമ്പിന് നേരെ ബോംബ് ആക്രമണവും നടത്തി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പം മണിപ്പൂരിൽ മൂന്നിടങ്ങളിൽ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൽ ഒരു പാലത്തിന് കേടുപാട് സംഭവിച്ചു. കാങ്പോക്പിയിൽ 24ന് പുലർച്ചെ 1.15ന് ആണ് സ്ഫോടനം സംഭവിച്ചത്. സ്ഫോടനത്തിൽ ഇംഫാലിനെയും നാഗലാൻറിലെ ദിമാപൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിൻറെ ഒരു ഭാഗം തകർന്നിരുന്നു. സ്‌ഫോടനത്തിൽ ആളപായോ പരിക്കോ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *