Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: സംസ്ഥാനത്താകെ പോളിംഗ് ശതമാനം കുറഞ്ഞത് എറണാകുളത്തും പ്രകടമായി. യുഡിഎഫിൻറെ ഉരുക്കുകോട്ട എന്ന വിശേഷണമുള്ള എറണാകുളത്ത് 2019 നേക്കാൾ 9 ശതമാനത്തിലധികമാണ് പോളിംഗിൽ ഇടിവ് സംഭവിച്ചത്. 77.64 ശതമാനം ആയിരുന്നു 2019ൽ പോൾ ചെയ്ത വോട്ടുകളെങ്കിൽ 68.27 ആണ് എറണാകുളത്തെ ഔദ്യോഗിക പോളിംഗ് ശതമാനം. ഏറ്റവും കുറവ് വോട്ട് രേഖ‌പ്പെടുത്തിയത് യുഡിഎഫിൻറെ ഏറ്റവും വലിയ ശക്തികേന്ദ്രമായ എറണാകുളം നിയോജക മണ്ഡലത്തിലാണ്. എറണാകുളം നിയോജക മണ്ഡലത്തിൽ പോളിംഗ് 10 ശതമാനത്തോളം കുറഞ്ഞു.

എന്താണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ പോളിംഗ് കുറയാനുള്ള കാരണം. നഗരത്തിൽ താമസിക്കുന്നവർ വോട്ട് ചെയ്യാൻ മടിച്ചോ? കടുത്ത ചൂട് വോട്ടർമാരെ പിന്നോട്ടടിച്ചോ? ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് യുഡിഎഫിനെ ചിന്തിപ്പിക്കുന്ന ഘടകമാകും.

സിറ്റിംഗ് എംപി കൂടിയായ യുഡിഎഫിൻറെ ഹൈബി ഈഡനും എൽഡിഎഫിൻറെ കെ ജെ ഷൈനും തമ്മിലാണ് പ്രധാന മത്സരം. ഡോ. കെ എസ് രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. ട്വൻറി 20 കിഴക്കമ്പലത്തിനും എറണാകുളത്ത് സ്ഥാനാർഥിയുണ്ട്. അഡ്വ ആൻറണി ജൂഡാണ് മത്സരിക്കുന്നത്. 2019ൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ 1,69,053 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എറണാകുളത്ത് വിജയിച്ചത്. 2019ൽ 9,67,390 പേർ വോട്ട് ചെയ്തപ്പോൾ ഹൈബി ഈഡന് 491,263 ഉം, എൽഡിഎഫിൻറെ പി രാജീവിന് 3,22,210 ഉം, എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനത്തിന് 1,37,749 ഉം വോട്ടുകളാണ് ലഭിച്ചത്.
വി വിശ്വനാഥ മേനോനും എൽഡിഎഫ് പിന്തുണയിൽ സേവ്യർ അറക്കലും സെബാസ്റ്റ്യൻ പോളും വിജയിച്ചത് മാറ്റിനിർത്തിയാൽ കോൺഗ്രസിൻറെ ഉരുക്കുകോട്ടയാണ് എറണാകുളം ലോക്‌സഭ മണ്ഡലം. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തൂറ, എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തിൽ വരുന്നത്. ലാറ്റിൻ കത്തോലിക്ക വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *