Your Image Description Your Image Description
Your Image Alt Text

ബാങ്ക് ഓഫ് ബറോഡയ്ക്ക് ആശ്വാസം. ബിഒബി വേൾഡ് ആപ്പ് വഴി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നീക്കി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആർബിഐ ബാങ്ക് ഓഫ് ബറോഡയ്ക്കെതിരെ നടപടിയെടുത്തത്. വിലക്ക് നീക്കിയത് ബാങ്കിന് മാത്രമല്ല ഉപഭോക്താക്കൾക്കും നേട്ടമാകും. ഇതോടെ ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് തുറക്കുന്നതിനും ക്രെഡിറ്റ് കാർഡിനും വായ്പയ്ക്കും അപേക്ഷിക്കുന്നതിനും ബാങ്ക് ശാഖയോ അതിന്റെ വെബ്‌സൈറ്റോ സന്ദർശിക്കേണ്ട ആവശ്യമില്ല. ബോബ് വേൾഡ് ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഇവയ്ക്കായി അപേക്ഷിക്കാൻ കഴിയും.

ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഉപഭോക്താക്കളെ ചേർക്കുന്നതിൽ ചില വീഴ്ചകൾ ഉള്ളതായി കഴിഞ്ഞ വർഷം ഒക്ടോബറിൽ കണ്ടെത്തിയിരുന്നു . ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ ബാങ്ക് സസ്പെന്‍ഡ് ചെയ്യുന്ന സാഹചര്യവും ഉണ്ടായി . ബോബ് വേള്‍ഡ് ആപ്പില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന് പകരം ജീവനക്കാരുടേയും ബന്ധുക്കളുടെയും മൊബൈല്‍ നമ്പര്‍ വ്യാജമായി ചേര്‍ക്കുകയായിരുന്നു. ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടന്‍റുമാര്‍ എന്ന് വിളിക്കുന്ന ഏജന്‍റുമാരാണ് മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് പണം തട്ടിയെടുത്തത്

ബിഒബി വേൾഡ് ആപ്പിന് റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷം ബാങ്ക് ഓഫ് ബറോഡയുടെ പ്രതിദിന ഇടപാടുകളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. 2023 സെപ്തംബർ പാദം വരെ (ആർബിഐ നിയന്ത്രണങ്ങൾക്ക് മുമ്പ്), ബോബ് വേൾഡിലെ പ്രതിദിന ഇടപാടുകൾ 7.95 ദശലക്ഷമായിരുന്നു, ഇത് 2023 ഡിസംബറോടെ 7.19 ദശലക്ഷമായി കുറഞ്ഞു. അതായത് ഈ കാലയളവിൽ മൊത്തം ഇടപാടുകളിൽ 0.76 ദശലക്ഷത്തിന്റെ കുറവുണ്ടായി.

ഈ തീരുമാനത്തിന് ശേഷം രാവിലെ മുതൽ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികളിൽ വർധന രേഖപ്പെടുത്തി. ഒരു ഘട്ടത്തിൽ ബാങ്കിന്റെ ഓഹരികൾ 3.50 ശതമാനം വരെ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *