Your Image Description Your Image Description
Your Image Alt Text

ഇടുക്കി കുഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഗാര്‍ഹിക കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുക. ശുദ്ധജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മള്‍ മനസ്സിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

ജലസ്രോതസുകള്‍ മലിനമാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ജലത്തിന്റെ ദൗര്‍ലഭ്യം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ കുടിവെള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കഞ്ഞിക്കുഴി പഞ്ചായത്തും പൊതുജന പങ്കാളിത്തത്തിലൂടെ പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 6992 കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 121.77 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ഇടുക്കി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തികുടി, വണ്ണപ്പുറം എന്നീ പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര പദ്ധതിയില്‍ നിന്നുമാണ് കഞ്ഞിക്കുഴി പഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണം വിഭാവനം ചെയ്തിരിക്കുന്നത്. ഇടുക്കി റിസര്‍വോയറാണ് പദ്ധതിയുടെ സ്രോതസ്സ്.

ഇടുക്കി ജലാശയത്തില്‍ ഫ്ളോട്ടിങ് പമ്പ് ഹൗസ് സ്ഥാപിച്ച് ചെറുതോണിയില്‍ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന 35 എം എല്‍ ഡി ശുദ്ധീകരണ ശാലയില്‍ ജലം ശുദ്ധീകരിച്ച് വെള്ളം പമ്പ് ചെയ്ത് കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊതയം സിറ്റിയില്‍ സ്ഥാപിക്കുന്ന 6.3 എല്‍ എല്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ എത്തിക്കുകയും അവിടെ നിന്നും കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന് സമീപം, തള്ളക്കാനം, ആറാംകുപ്പ്, മാമച്ചന്‍കുന്ന് എന്നി ടാങ്കുകളിലേക്ക് ഒരേസമയം വെള്ളം എത്തിക്കുകയും പിന്നീട് മാമ്മച്ചന്‍കുന്ന് ടാങ്കില്‍ നിന്നും വരിക്കാമുത്തന്‍, വെണ്‍മണി, വെണ്‍മണി-പുളിക്കത്തൊട്ടി, ബ്ലാത്തിക്കവല എന്നീ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ടാങ്കുകളിലേക്ക് യഥാക്രമം വെള്ളം എത്തിക്കും.

ഒന്‍പത് സോണുകളിലായി 202.393 കിലോമീറ്റര്‍ നീളത്തില്‍ വിതരണ ശൃംഖലകളും 6992 കണക്ഷനുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. അടുത്ത വര്‍ഷം പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആര്‍എംകോ ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമീണ ഭവനങ്ങള്‍ക്കും 100 ശതമാനം ശുദ്ധമായ കുടിവെള്ളം എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും.

ഇടുക്കി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന 715.70 കോടി രൂപയുടെ വിവിധ പദ്ധതികള്‍ എല്ലാം തന്നെ ടെന്‍ഡര്‍ ചെയ്യുകയും അവ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തികള്‍ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ 2 വര്‍ഷത്തിനിടയില്‍ 2757.48 കോടി രൂപ എസ്റ്റിമേറ്റ് തുകയുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പുതിയതായി അനുമതി ലഭിച്ചിരിക്കുന്ന പദ്ധതികളുടെയും ടെന്‍ഡര്‍ നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തീകരിച്ചു.

കഞ്ഞിക്കുഴി ഗ്രാന്‍ഡ് ബെല്ല ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എന്‍ജിനീയര്‍ പ്രദീപ് വി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി ജയന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *