Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. സീനിയർ താരങ്ങളെല്ലാം ടീമിൽ ഉൾപ്പെട്ടപ്പോൾ മറ്റുചിലർക്ക് അവസരം നഷ്ടമായി. ഒന്നര വർഷത്തിന് ശേഷം റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. കാറപകടത്തിന് ശേഷം കളത്തിന് പുറത്തായിരുന്നു താരം. ശുഭ്മാൻ ഗിൽ, റിങ്കു സിംഗ് എന്നിവർക്ക് പതിനഞ്ചംഗ സ്‌ക്വാഡിൽ ഇടം പിടിക്കാനായില്ല. പകരക്കാരുടെ നിരയിലാണ് ഇരുവരും. കെ എൽ രാഹുൽ, റുതുരാജ് ഗെയ്കവാദ്, ദിനേശ് കാർത്തിക് എന്നിവരേയും സ്‌ക്വാഡിൽ നിന്ന് തഴഞ്ഞു.

ഇപ്പോൾ ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ശ്രീകാന്ത് വ്യക്തമാക്കി. റുതുരാജിനെ ടീമിലെടുക്കാത്തത് ബന്ധപ്പെടുത്തിയാണ് ശ്രീകാന്ത് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ… ”റുതാരാജ് ടി20 ലോകകപ്പ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു. 17 ടി20 മത്സരങ്ങളിൽ നിന്ന് 500ൽ അധികം റൺസ് നേടിയിട്ടുള്ള താരമാണ് റുതുരാജ്. ഇതിൽ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറിയും ഉൾപ്പെടും.” ശ്രീകാന്ത് പറഞ്ഞു.

ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. ”മോശം ഫോമിലാണ് ശ്രീകാന്ത്. പിന്നെ എന്തിനാണ് അദ്ദേഹം ടീമിനൊപ്പം ചേർത്തിരിക്കുന്നത്? സെലക്റ്ററുടെ ഇഷ്ടക്കാരനാണ് ഗിൽ. അവൻ ഫോമിലല്ലെങ്കിൽ പോലും വീണ്ടും വീണ്ടും അവസരം ലഭിക്കും. അതിപ്പോൾ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും അങ്ങനെ തന്നെ.” ശ്രീകാന്ത് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗംഭീര പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ ഒഴിവാക്കിയതിനേയും ശ്രീകാന്ത് കുറ്റപ്പെടുത്തി.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ട്രാവലിംഗ് റിസേർവ്‌സ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേഷ് ഖാൻ.

Leave a Reply

Your email address will not be published. Required fields are marked *