Your Image Description Your Image Description
Your Image Alt Text

നെടുമങ്ങാട് നഗരസഭയിൽ കൊപ്പം തോട്ടുമുക്കിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. കേരളത്തിലെ മികച്ച നഗരസഭകളിൽ ഒന്നായ നെടുമങ്ങാട് നഗരസഭയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നഗരസഭയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നിർധനരായ പാലിയേറ്റീവ് രോഗികൾക്കുള്ള സഹായ ഉപകരണങ്ങളുടെയും, വായോജനങ്ങളായ സ്ത്രീകൾക്ക് നഗരസഭ നൽകുന്ന കട്ടിലുകളുടെയും വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

മുനിസിപ്പൽ ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ ചെലവഴിച്ചാണ് തോട്ടുമുക്ക് കമ്മ്യൂണിറ്റി ഹാൾ നവീകരിച്ചത്. നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 കട്ടിലുകളാണ് വാർഡിലെ 60 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് വിതരണം ചെയ്തത്. ഇത് കൂടാതെ നാട്ടുകാരുടെ സഹകരണത്തോടെ പ്രദേശത്തെ കിടപ്പ് രോഗികൾക്കായി വാങ്ങിയ രണ്ട് വാട്ടർ ബെഡ്, എട്ട് എയർ ബെഡ്, നാല് വീൽചെയർ എന്നിവയും വിതരണം ചെയ്തു.

കമ്മ്യൂണിറ്റി ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അജിത. എസ് , വാർഡ് കൗൺസിലർമാരായ പി. രാജീവ്, എസ്.ശ്യാമള എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *