Your Image Description Your Image Description
Your Image Alt Text

നെടുമങ്ങാട് നിയോജക മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന വഴയില-പഴകുറ്റി നാലുവരിപ്പാത പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി. ജി ആര്‍ അനില്‍. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ, ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത, പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും നെടുമങ്ങാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനപാതയിലെ വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോമീറ്ററും പഴകുറ്റി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കച്ചേരി നടവഴി പതിനൊന്നാം കല്ല് വരെയുള്ള 1.740 കിലോമീറ്ററും ഉള്‍പ്പെടുന്ന 11.240 കിലോമീറ്റര്‍ ദൂരമാണ് നാലുവരിപാതയാക്കുന്നത്. 21 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന് 15 മീറ്റര്‍ ടാറിംങ്ങും രണ്ട് മീറ്റര്‍ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട് മീറ്റര്‍ വീതിയില്‍ യൂട്ടിലിറ്റി സ്‌പേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 79.46 കോടി രൂപ ചെലവില്‍ ആദ്യ റീച്ചായ വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെ 3.9 കിലോമീറ്റര്‍ നീളുന്ന റോഡ് ടാറിംഗും, മേല്‍പാലവും ടെന്റര്‍ ചെയ്തു. ടെന്റര്‍ ഓപ്പണിംഗ് മാര്‍ച്ച് നാലിന് നടക്കും. 50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കരകുളം മേല്‍പാലത്തിന്റെ ടെന്റര്‍ ഓപ്പണിംഗ് മാര്‍ച്ച് മൂന്നിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാലുവരിപ്പാതയുടെ ഒന്നാം റീച്ചിന് 203.4 കോടിയും രണ്ടാം റീച്ചിന് 224.84 കോടിയും മൂന്നാം റീച്ചിന് 322.56 കോടി രൂപയും ഭൂമിയേറ്റെടുക്കലിന് മാത്രം ചെലവാകും. ഭൂമിയേറ്റെടുക്കലിന് ആകെ 752.8 കോടി രൂപയും സിവില്‍ വര്‍ക്കുകള്‍ക്ക് 312.46 കോടി രൂപയും മേല്‍പ്പാലവും മറ്റു ചെലവുകളും ഉള്‍പ്പെടെ 1065.9 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

മണ്ഡലത്തിലെ മറ്റൊരു പ്രധാന പാതയായ പഴകുറ്റി- മംഗലപുരം റോഡ് വികസനത്തിന്റെ ബാക്കിയുള്ള ജോലികള്‍ മാര്‍ച്ച് ആദ്യ വാരം തുടങ്ങാന്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ റോഡിന്റെ രണ്ടാമത്തെ റീച്ചിലെ കെട്ടിടങ്ങളുടെയും സ്ഥലത്തിന്റെയും വൃക്ഷങ്ങളുടെയും കൃഷിയുടെയും വില നിര്‍ണയം നടന്നുവരികയാണ്. മംഗലപുരം- പോത്തന്‍കോട് വരെയുള്ള മൂന്നാമത്തെ റീച്ചിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *