Your Image Description Your Image Description

കാര്‍ഷിക മേഖലക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

3,51,19,267 രൂപ മുന്‍ബാക്കിയും 108,66,47,150 രൂപ വരവും 112,17,66,417 രൂപ ആകെ വരവും, 106,38,79,950 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,78,86,467 രൂപ നീക്കിയിരിപ്പുണ്ട്. കാര്‍ഷിക മേഖല, മൃഗസംരക്ഷണം, മത്സ്യമേഖല, വിദ്യാഭ്യാസം, സാമൂഹികനീതി, വനിതാ വികസനം, യുവജനക്ഷേമം, ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, ആരോഗ്യം, വയോജന ക്ഷേമം, പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകളിലും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ജില്ലയുടെ സമഗ്രചരിത്രം ചര്‍ച്ച ചെയ്യുന്ന വിഞ്ജാനീയം, 10,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ മുന്നോട്ട്, നമ്മളെത്തും മുന്നിലെത്തും എന്നീ പദ്ധതികള്‍, കളക്ടറേറ്റ് വളപ്പിലെ പ്ലാനിംഗ് സെക്രട്ടേറിയറ്റ് നിര്‍മ്മാണം തുടങ്ങിയവയ്ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശുചിത്വസര്‍വേയുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതമിത്രം ക്യൂ ആര്‍ പതിപ്പിക്കലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നു വരുന്നു. ബജറ്റിന്റെ തുടര്‍ചര്‍ച്ചകള്‍ക്കും അംഗീകാരത്തിനുമായി ഫെബ്രുവരി 16 ന് യോഗം വീണ്ടും ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം, കോളനി നവീകരണം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി 12,79,01,000 രൂപയും പട്ടികവര്‍ഗക്ഷേമത്തിനായി 54,11,000 രൂപയും ബജറ്റില്‍ വകയിരുത്തി. സ്വാശ്രയഗ്രാമം പദ്ധതി, കുട്ടികള്‍ക്കായുള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് സെന്റര്‍, ഹരിത വിദ്യാലയം പദ്ധതി എന്നിവയ്ക്കായി വിദ്യാഭ്യാസരംഗത്ത് 6,80,00,000 രൂപയും യുവജന ക്ഷേമത്തിനായി 88,00,000 രൂപയും കാര്‍ഷിക മേഖലയില്‍ ടെക്നോളജി സപ്പോര്‍ട്ട് സ്‌കീം, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, ഉത്പാദന വൈവിധ്യവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 6,50,00,000 രൂപയും നീക്കിവച്ചു. എബിസി സെന്റര്‍, കാലിത്തീറ്റ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെ മൃഗസംരക്ഷണത്തിനും തെരുവുനായ ശല്യം പരിഹരിക്കുന്നതിനും ഒരു കോടി രൂപ വീതവും മത്സ്യമേഖലയ്ക്ക് 12 ലക്ഷം രൂപയും അനുവദിച്ചു. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 17,37,44,400 രൂപയും ഊര്‍ജമേഖലയ്ക്ക് 2,46,00,000 രൂപയും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് 5,70,00,000 രൂപയും ഭവനനിര്‍മ്മാണത്തിന് 10 കോടി രൂപയും വകയിരുത്തി.

നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ല പദ്ധതിയുടെ ഭാഗമായി ശുചിത്വമേഖലയ്ക്ക് 5,70,00,000 രൂപയും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്ന പദ്ധതി കൂടുതല്‍ വിപുലമായി നടത്തുന്നതിനുള്‍പ്പെടെ ആരോഗ്യ മേഖലയ്ക്കായി 4,80,00,000 രൂപയും വകയിരുത്തി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഉപജീവനപദ്ധതികള്‍, ഷെല്‍റ്റര്‍ ഹോമുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍, ഭിന്നശേഷി കുട്ടികള്‍ക്കുള്ള കായിക വിദ്യാഭ്യാസം, ഭിന്നശേഷി ആഘോഷം തുടങ്ങിയ പദ്ധതികള്‍ക്കായി സാമൂഹികനീതി മേഖലയില്‍ 90 ലക്ഷം രൂപയും മാറ്റിവച്ചു. വനിതകള്‍ക്കായുള്ള വാക്കിംങ് ക്യാമ്പുകളും ഫിറ്റ്സെന്ററും അടക്കം വനിതാ വികസനത്തിനായി 1,55,00,000 രൂപയും വയോജനക്ഷേമത്തിനായി 1,50,00,000 രൂപയും വകയിരുത്തി. നിലവില്‍ നടന്നു വരുന്ന ചില്ലി വില്ലേജ്, പട്ടികജാതി കുട്ടികള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ്, ക്ഷീര/നെല്‍കര്‍ഷകര്‍ക്കുള്ള സബ്സിഡി തുടങ്ങിയ മറ്റ് ചെലവുകള്‍ക്കും ബജറ്റില്‍ പണം നീക്കിവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *